തിരുവനന്തപുരം: മാർച്ച് 31ന് മുമ്പ് സമ്പൂർണ ബഡ്ജറ്റ് പാസാക്കി ഏപ്രിൽ മുതൽ പദ്ധതി നിർവഹണത്തിലേക്ക് കടക്കുകയാണ് ഇത്തവണയും ലക്ഷ്യമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരിയിൽ നയപ്രഖ്യാപന പ്രസംഗവും ബഡ്ജറ്റവതരണവും ഉദ്ദേശിക്കുന്നു. കഴിഞ്ഞ ബഡ്ജറ്റും ജനുവരിയിലായിരുന്നു.

ചൊവ്വാഴ്ച ആരംഭിക്കുന്ന പതിമ്മൂന്നാം സമ്മേളനം 13 ദിവസം നീളും. അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ പി.ബി. അബ്ദുൾ റസാഖിന് ആദരാഞ്ജലി അർപ്പിച്ച് ആദ്യ ദിനം പിരിയും.

13 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളിൽ അഞ്ചെണ്ണം തയ്യാറായിട്ടുണ്ട്. മുനിസിപ്പാലിറ്റി (മൂന്നാം ഭേദഗതി)ബിൽ, പഞ്ചായത്തിരാജ് (മൂന്നാം ഭേദഗതി) ബിൽ, ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ എന്നിവ 28നും പൊലീസ് (ഭേദഗതി) ബിൽ, കോഴിക്കോട് സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും താത്കാലിക ബദൽ ക്രമീകരണം) ബിൽ എന്നിവ 29നും പരിഗണിക്കും.

ബഡ്ജറ്റിന്മേലുള്ള ഉപധനാഭ്യർത്ഥനകളുടെ ചർച്ചയും വോട്ടെടുപ്പും ഡിസംബർ 10ന് നടക്കും.

ഭരണഘടന സാക്ഷരതാ പരിപാടി

നിയമസഭയും സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം 26ന് വി.ജെ.ടി ഹാളിൽ നടക്കും. ഭരണഘടനാ സംരക്ഷണ സംഗമം ജനുവരി 26ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ, കോളേജ് തലങ്ങളിൽ ആയിരം ഭരണഘടനാ ക്ലാസുകൾ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തും. നാഷണൽ യൂത്ത് പാർലമെന്റ് ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കും. മറ്റുസംസ്ഥാനങ്ങളിൽ നിന്നടക്കം രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.

 രാജ്യത്തിന് മാതൃക

സമ്മേളനങ്ങൾ ചേരുന്നതിലും ഓർഡിനൻസുകൾ ദീർഘകാലം തുടരുന്നത് ഒഴിവാക്കി സഭാപ്രവർത്തനം നീതിപൂർവമാക്കുന്നതിലും കേരള നിയമസഭ രാജ്യത്തിന് മാതൃകയായെന്ന് സ്പീക്കർ പറഞ്ഞു. സമ്മേളന ദിവസങ്ങളുടെ കാര്യത്തിൽ ദേശീയ ശരാശരി 30 ആണെങ്കിൽ കേരളത്തിലേത് 70 ആണ്. പതിന്നാലാം നിയമസഭ രണ്ടര വർഷത്തിനിടെ 150 ദിവസം ചേർന്നു. സെക്രട്ടറി വി.കെ. ബാബുപ്രകാശും സംബന്ധിച്ചു.