തിരുവനന്തപുരം: ശബരിമലയെ ചിലർ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്നു
ഇതിനെ വിശ്വാസി സമൂഹത്തിനൊപ്പം പൊതു സമൂഹം ചെറുത്തു തോൽപിക്കണമെന്നും ജമ്മു കാശ്മീരിലെ സാമൂഹികപ്രവർത്തകയും അഭിഭാഷകയുമായ ദീപിക സിങ് രജവത് പറഞ്ഞു. കേരളത്തിന് അതിന് കരുത്തുണ്ടെന്നും കത്വ ബാലികാ മാനഭംഗക്കേസിലെ വാദി ഭാഗം അഭിഭാഷക കൂടിയായ അവർ.പറഞ്ഞു.
മീഡിയ അക്കാഡമിയും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ദേശീയ പത്രദിന വാരാചരണ സമാപനവും വക്കം അബ്ദുൾ ഖാദർ മൗലവി അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപിക.
. സ്ത്രീകൾ നമ്മുടെ രാജ്യത്ത് സുരക്ഷിതരല്ല. ഇരുട്ടിന്റെ ശക്തികൾ മാധ്യമ പ്രവർത്തകരെ വേട്ടയാടുകയാണ്. വനിതാ മാദ്ധ്യമ പ്രവർത്തകരെ നിലയ്ക്കലിലും മറ്റും ക്രൂരമായി വേട്ടയാടി. മാദ്ധ്യമങ്ങളോട് പറയാനുള്ളത് യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് അത് റിപ്പോർട്ട് ചെയ്യണമെന്നാണ്. തെറ്റായ മാദ്ധ്യമ ധർമത്തിന്റെ ഇരയാണ് താൻ. ആരൊക്കെ തടഞ്ഞാലും നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ദീപിക പറഞ്ഞു.
മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും നേരേയുള്ള അക്രമങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ മാദ്ധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള വെല്ലുവിളിയായി മാറുമെന്ന് മുഖ്യപ്രഭാഷണത്തിൽ മുൻ എം.പിയും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ ഡോ.സെബാസ്റ്റ്യൻപോൾ പറഞ്ഞു. അപകടത്തിലായ രാജ്യത്തെ രക്ഷിക്കാൻ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനം അനിവാര്യമാണ്. സനാതന മാദ്ധ്യമ ധർമത്തിനുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു വക്കം അബ്ദുൾ ഖാദറെന്നും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കമാൽ വരദൂർ, വനിതാ പത്രപ്രവർത്തകരായ സരിതാ ബാലൻ, സ്നേഹ മേരി കോശി, സരിതാ വർമ്മ, പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.