തിരുവനന്തപുരം: ഹൈക്കോടതി അയോഗ്യത കല്പിച്ച അഴീക്കോട് എം.എൽ.എ കെ.എം. ഷാജിക്ക് നിലവിലെ സ്ഥിതിയനുസരിച്ച് പ്രായോഗികമായി സഭയിൽ പ്രവേശിക്കാനാകില്ലെന്നാണ് താൻ പറഞ്ഞതെന്നും അല്ലാതെ, ഷാജിയെ സഭയിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.സ്പീക്കർ എന്ന നിലയിൽ തന്റെ മുന്നിലുള്ള രേഖാമൂലമുള്ള അറിയിപ്പ് ഹൈക്കോടതി വിധിയാണ്. സുപ്രീംകോടതി രേഖാമൂലം വ്യത്യസ്തമായി അറിയിച്ചാൽ അദ്ദേഹത്തിന് കയറാം. രേഖാമൂലം കോടതി അറിയിക്കാതെ കയറാനാവില്ലെന്ന് ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. വാക്കാലുള്ള പ്രസ്താവന വിധിയായി കണക്കാക്കാനാവില്ല. 1997 ഒക്ടോബർ 14ന് തമ്പാനൂർ രവിയുടെ കേസിലുണ്ടായതും സമാനസാഹചര്യമായിരുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി കെ.സി. ജോസഫ് തന്നെ ഇതിന്റെ പേരിൽ വിമർശിച്ചത് തെറ്റിദ്ധാരണ കൊണ്ടാണ്. പി.സി. ജോർജിനെതിരായ പരാതി നിയമസഭാ എത്തിക്സ് കമ്മിറ്റി ഗൗരവമായി പരിശോധിക്കുകയാണ്.