കുഴിത്തുറ: ശബരിമല സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി കന്യാകുമാരി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംഘർഷം. സർവീസ് നടത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ പതിനൊന്നു ബസുകൾ ഹാർത്താലനുകൂലികളുടെ കല്ലേറിൽ തകർന്നു.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും തലേന്ന് രാത്രിയോടെ തന്നെ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. മാർത്താണ്ഡം, മേൽപുറം, ഞാറാവിള, ഉണ്ണാമലകട, തിരുവട്ടാർ, തക്കല, നാഗർകോവിൽ, പമ്മം എന്നീ സ്ഥലങ്ങളിലാണ് കല്ലേറുണ്ടായത്. ഇതേ തുടർന്ന് സർക്കാർ വാഹനങ്ങൾ പൊലീസ് അകമ്പടിയോടാണ് നിരത്തിലിറങ്ങിയത്. ജില്ലയിൽ ആകെയുള്ള 815 ബസുകളിൽ 212 എണ്ണം മാത്രമാണ് സർവീസ് നടത്തിയത്.
കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കാർത്തിക പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മിക്കതിനും അവധിയായിരുന്നെങ്കിലും കേരള - തമിഴ്നാട് അതിർത്തിയിലുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനത്തെ ഹർത്താൽ ബാധിച്ചു.
എം.എസ് യൂണിവേഴ്സിറ്റിയുടെ പരീക്ഷയിൽ നിന്നു കന്യാകുമാരി ജില്ലയെ ഒഴിവാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരത്തു നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കളിയിക്കാവിളയ്ക്ക് സമീപം ഇഞ്ചിവിള വരെയാണ് സർവീസ് നടത്തിയത്. ബസ് സർവീസ് ഇല്ലാത്തതിനാൽ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഹാജർനില കുറവായിരുന്നു. കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലയിലുടനീളം പൊലീസിനെ വിന്യസിച്ചിരുന്നു.
പൊൻ രാധാകൃഷ്ണനെ അപമാനിച്ചതിൽ പ്രതിഷേധിച്ച് തിങ്കൾച്ചന്ത, തിരുവട്ടാർ, തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്, നാഗർകോവിൽ, പദ്മനാഭപുരം, കുഴിത്തുറ എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ രാവിലെ പ്രകടനം നടത്തി.