ഇന്ത്യയിലെ പരമോന്നത ധനകാര്യ നിയന്ത്രണ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ). ഹിൽട്ടൺ യങ് കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് നിലവിൽ വന്ന 1934ലെ ഭാരതീയ റിസർവ് ബാങ്ക് നിയമപ്രകാരം 1935 ഏപ്രിൽ 1ന് ആർ.ബി.ഐ പ്രവർത്തനം ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1949 ജനുവരി 1ന് ആർ.ബി.ഐയെ ദേശസാത്കരിച്ചു. 83 വർഷത്തെ പ്രവർത്തന കാലഘട്ടത്തിനുള്ളിൽ ആർ.ബി.ഐ ഏറ്റവും അധികം വാർത്തകളിൽ ഇടംപിടിച്ച ചുരുക്കം ചില വർഷങ്ങളിൽ ഒന്നാണിത്. ആർ.ബി.ഐയും കേന്ദ്ര ഗവൺമെന്റും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയുടെ പ്രതിധ്വനികളായിരുന്നു ഇവയിൽ പലതും.
ആർ.ബി.ഐയുടെ ധർമ്മങ്ങൾ
കറൻസി പ്രിന്റിംഗ്, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, നിർദ്ദേശങ്ങൾ നൽകുക, ഗവൺമെന്റിന്റെ ബാങ്കിംഗ് ആവശ്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക, രാജ്യത്തെ വാണിജ്യബാങ്കുകളുടെ കരുതൽ ധനശേഖരം, രാജ്യത്തിന്റെ വിദേശനാണ്യശേഖരം എന്നിവയുടെ സൂക്ഷിപ്പ്, വിവിധ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസൃതമായി പണനയം രൂപീകരിക്കുക, നടപ്പിലാക്കുക തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ഒട്ടനവധി ധർമ്മങ്ങൾ ആർ.ബി.ഐ നിർവഹിക്കുന്നുണ്ട്.
പ്രവർത്തന ലക്ഷ്യം
പണപ്പെരുപ്പം (inflation) പണച്ചുരുക്കം (Deflation) തുടങ്ങിയ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതെ വിലസ്ഥിരത (Price stability) നിലനിറുത്തി സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന സാമ്പത്തികാന്തരീക്ഷം സൃഷ്ടിക്കുക എന്ന ശ്രമകരമായ അടിസ്ഥാനലക്ഷ്യമാണ് ആർ.ബി.ഐക്കുള്ളത്. ദേശീയ, അന്തർദേശീയ തലത്തിലുണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങൾ, ഞെരുക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയുകയും വേണ്ട മുന്നൊരുക്കങ്ങൾ നടത്തി സമ്പദ് വ്യവസ്ഥയെ അതിന്റെ താല്പര്യത്തിനു അനുസൃതമായി സംരക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും ഇതിനുണ്ട്. 2007 - 2010 കാലഘട്ടത്തിലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിൽനിന്നു രാജ്യത്തെ ഒരു പരിധിവരെ സംരക്ഷിച്ചത് ആർ.ബി.ഐ നടപ്പിലാക്കിയ കർക്കശ പണ, വായ്പ നയങ്ങൾ ആയിരുന്നെന്ന് ലോകബാങ്ക് പോലും പരാമർശിച്ചിരുന്നു.
ഭിന്നതയുടെ തുടക്കം
കർക്കശ വായ്പാ നയത്തിലൂടെ സാമ്പത്തിക അച്ചടക്കം, വിലസ്ഥിരത എന്നിവയ്ക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നും, സാമ്പത്തിക വളർച്ച, വികാസം (growth and devlopment ) എന്നിവയെ തുടർച്ചയായി അവഗണിക്കുന്നുവെന്നും കാലങ്ങളായി ആർ.ബി.ഐക്കെതിരെ ഉയരുന്ന വിമർശനമാണ്. പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ പ്രഖ്യാപിത നയങ്ങളുമായി യോജിച്ചു പോകുന്നില്ല എന്ന ആരോപണവും രാഷ്ട്രീയ നിരീക്ഷകർ ആർ.ബി.ഐക്കെതിരെ ഉയർത്തുന്നുണ്ട്. ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജന്റെ കാലം മുതൽ തന്നെ കേന്ദ്രഗവൺമെന്റും ആർ.ബി.ഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. നിലവിലുള്ള അഭിപ്രായ ഭിന്നതയുടെ പ്രധാന കാരണങ്ങൾ ഇവയാണ്.
1. കർശന വായ്പാനയം മൂലം അടിസ്ഥാന സൗകര്യവികസനങ്ങൾക്കും, മറ്റ് ഉത്പാദനക്ഷമമായ പ്രവർത്തനങ്ങൾക്കും വായ്പ ലഭ്യത കുറയുന്നു എന്ന് സർക്കാർ വാദം.
2. ആർ.ബി.ഐയുടെ പക്കലുള്ള 9.6 ലക്ഷം കോടി രൂപയുടെ കരുതൽ ധനശേഖരം മൂന്നിലൊന്നായി കുറച്ച് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം എന്ന സർക്കാർ ആവശ്യം.
3. കിട്ടാകടക്കെണിയിലകപ്പെട്ട പൊതുമേഖല ബാങ്കുകളുടെ മേൽ നടപ്പിലാക്കിയ കർക്കശ വായ്പാ നയം (PCA) ഉദാരമാക്കണമെന്ന സർക്കാർ നിലപാട്.
4. ബാങ്കുകളുടെ ധനസ്ഥിതി പരിശോധിച്ച് ധനാനുപാതം ക്രമപ്പെടുത്തണം എന്നും ധനലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം.
5 . ബാങ്കിംഗ് ഇതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ മാറ്റി കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യം.
6. സാമ്പത്തിക വളർച്ച, വികസനം എന്നിവ ലക്ഷ്യം വച്ച് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഉത്പാദന മേഖലയ്ക്ക് ഉത്തേജനമേകുന്ന രീതിയിൽ പണനയം രൂപീകരിക്കണമെന്ന് പൊതുനിലപാട്.
പരമ്പരാഗതമായി പൂർണ പ്രവർത്തന സ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കുന്ന ആർ.ബി.ഐയെ, പ്രത്യേകിച്ച് ഗവർണറുടെ അധികാരങ്ങളെ ഗവൺമെന്റിന്റെ ചൊൽപ്പടിയിൽ കൊണ്ടുവരണമെന്ന ബാലിശമായ വാദങ്ങളും അഭിപ്രായഭിന്നതയ്ക്ക് ആക്കം കൂട്ടി.
ആർ.ബി.ഐ പരമാധികാര സ്ഥാപനമോ ?
ആർ.ബി.ഐയുടെ അധികാരങ്ങൾ പരമ്പരാഗതമായി ഗവർണറിൽ കേന്ദ്രീകൃതമാണ്. അടിസ്ഥാനപരമായി പണനയ രൂപീകരണത്തിന് പണനയ രൂപീകരണ സമിതിയും (മോണിറ്ററി പോളിസി കമ്മിറ്റി) മറ്റ് പ്രവർത്തനങ്ങൾക്ക് നിലവിൽ 18 അംഗ ബോർഡ് ഒഫ് ഡയറക്ടേഴ്സും (ഇരുസമിതിയിലും ഗവർണർ അംഗമാണ്) ഉണ്ടെങ്കിലും പരമോന്നത പ്രവർത്തനങ്ങളിൽ അവസാന വാക്ക് ആർ.ബി.ഐ ഗവർണറുടേതാണ്. 1934ലെ ആർ.ബി.ഐ ആക്ടിലെ വകുപ്പ് 7 (3) പ്രകാരം ബാങ്കിന്റെ എല്ലാ അധികാരങ്ങളും ഉപയോഗിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആർ.ബി.ഐ ഗവർണർക്ക് പൂർണ അധികാരമുണ്ട്. എന്നാൽ വകുപ്പ് 58 പ്രകാരം ബോർഡ് ഒഫ് ഡയറക്ടേഴ്സിനു അതിൽ അംഗമായ ഗവർണറുടെ മേൽ കർശന വ്യവസ്ഥയോടുകൂടി പൂർണ അധികാരം നൽകുന്നു എന്നത് വൈരുദ്ധ്യമാണ്. എന്നാൽ വകുപ്പ് 7 (l) ആർ.ബി.ഐ യുടെ മേൽ കേന്ദ്രഗവൺമെന്റിനു അധികാരം നൽകുന്നതായി കാണാം. ഈ വകുപ്പ് പ്രകാരം ഗവർണറുമായുള്ള കൂടിയാലോചനയ്ക്കുശേഷം സമയബന്ധിതമായി ആർ.ബി.ഐക്ക് നിർദ്ദേശങ്ങൾ നൽകാൻ സർക്കാരിന് കഴിയുന്നതാണ്. എന്നാൽ ആർ.ബി.ഐ നിലവിൽ വന്ന് 83 വർഷം പിന്നിട്ടിട്ടും അത്തരം ഒരു നടപടി ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് നല്ല കീഴ്വഴക്കമാണ്. അതിന് ഭംഗം വരുത്താൻ നിലവിലെ സർക്കാരും ആഗ്രഹിക്കുന്നില്ലെന്നു വേണം ഇതുവരെയുള്ള ചർച്ചകളിൽ നിന്ന് മനസിലാക്കാൻ.
അഭിലഷണീയമായത്
പ്രകടമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ അച്ചടക്കമില്ലാത്ത നിയന്ത്രണ സംവിധാനങ്ങളിലേക്ക് തുറന്നുവിടുന്നതിലും നല്ലത് ദശകങ്ങളായി ശരിയെന്ന് തെളിഞ്ഞ സംവിധാനത്തിൽ ഉറപ്പിക്കുന്നതാണ്. എങ്കിലും , വഴക്കമില്ലാത്ത നിയന്ത്രണ സംവിധാനങ്ങളാണ് നിലനിൽക്കുന്നതെങ്കിൽ കാലാനുസൃതമായ ചെറുമാറ്റങ്ങൾ നിർദ്ദേശിക്കുന്നതും നടപ്പിലാക്കുന്നതും അഭിലഷണീയമാണ്. നവംബർ 19ന് നടന്ന ആർ.ബി.ഐ യോഗത്തിന്റെ തീരുമാനങ്ങൾ മേല്പറഞ്ഞ അർത്ഥത്തിൽ അഭിനന്ദനമർഹിക്കുന്നു. ആർ.ബി.ഐയുടെ സ്വതന്ത്രപ്രവർത്തനത്തിൽ കൈകടത്തേണ്ട എന്ന സർക്കാർ തീരുമാനവും സംയമന രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃകയാണ്.
( ലേഖകർ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപകരാണ്)