തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രിയിലെ ഡോക്ടറുമായി പത്തു വർഷമായി മകന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നും അപകടത്തിൽ അവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ആവശ്യം.
ഇവരുടെ വീട്ടിൽ ബാലു തങ്ങിയിട്ടുണ്ട്. ഡോക്ടറുടെ ബന്ധുവായ ഡ്രൈവർ അർജുനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ക്ഷേത്രദർശന ശേഷം വിശ്രമിക്കാൻ മുറി ബുക്ക് ചെയ്തിരുന്ന ബാലു തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എന്തിനാണ് തിടുക്കത്തിൽ യാത്രതിരിച്ചതെന്ന് അന്വേഷിക്കണം. പണമിടപാടും അപകടവും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.
അപകട സമയത്ത് വാഹനം ഓടിച്ചത് അർജുനായിരുന്നെന്ന് ബാലുവിന്റെ ഭാര്യ ലക്ഷ്‌മി പൊലീസിന് മൊഴിനൽകിയിരുന്നു. എന്നാൽ കൊല്ലം മുതൽ വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നു എന്നാണ് അർജുന്റെ മൊഴി. അർജുൻ കള്ളം പറയുകയാണെന്നും ഇതിനു പിന്നിലെ കാരണം കണ്ടെത്തണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറെക്കാലമായി കുടുംബവുമായി ബാലു അകന്നു കഴിയുകയായിരുന്നു. അടുത്തിടെ എല്ലാവരും യോജിപ്പിലായി. ഇത് സഹിക്കാത്ത ചിലർ അപകടത്തിന് പിന്നിലുണ്ടോയെന്നാണ് സംശയം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡി.ജി.പിക്ക് കൈമാറി.
സെപ്തംബർ 24ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. മകൾ തേജസ്വിനി തത്ക്ഷണം മരിച്ചു. ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങി. സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മി ആഴ്ചകളോളം ആശുപത്രിയിലായിരുന്നു. ഡ്രൈവർ അർജുന് ഗുരുതര പരിക്കുണ്ടായിരുന്നില്ല.
ഡ്രൈവറുടെ മൊഴി വീണ്ടുമെടുക്കും
പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി അറിയിച്ചു. ആരാണ് കാറോടിച്ചതെന്ന് കണ്ടെത്താൻ ദേശീയപാതയിൽ കൊല്ലം മുതലുള്ള കാമറാദൃശ്യങ്ങൾ പരിശോധിക്കും. രക്ഷാപ്രവർത്തനം നടത്തിയവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും.