തലസ്ഥാന നഗരിയിൽ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ കിഴക്കേകോട്ടയിൽ വ്യാഴാഴ്ച ഹതഭാഗ്യയായ ഒരു വീട്ടമ്മ പാഞ്ഞുവന്ന സ്വകാര്യബസിടിച്ച് മരണമടഞ്ഞു. നഗരത്തിലെ സ്ഥിരം കുരുതിക്കളമായി കിഴക്കേകോട്ട മാറിയിട്ട് നിരവധി വർഷങ്ങളായി. ഭരണസിരാകേന്ദ്രത്തിൽ നിന്ന് കഷ്ടിച്ച് ഒന്നരക്കിലോമീറ്റർ അകലെയാണ് ചരിത്രപ്രാധാന്യമുള്ള ഇൗ കേന്ദ്രം. നന്നേ പുലർച്ച മുതൽ തിരക്കു തുടങ്ങുന്ന കിഴക്കേകോട്ട കാൽനടക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു മരണക്കെണിതന്നെയാണ്. ഒരു നഗരത്തിലെ ഗതാഗത സംവിധാനം എങ്ങനെ ആകാതിരിക്കാമെന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തം നേരിൽ കാണാൻ കിഴക്കേകോട്ടയിൽ എത്തിയാൽ മതി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇവിടെ വാഹനങ്ങൾ ഇടിച്ച് മരണമടഞ്ഞവർ ഒരു ഡസനിലേറെയാണ്. ആൾനാശത്തിൽ കലാശിക്കാത്ത അപകടങ്ങൾക്ക് കൈയും കണക്കുമില്ല. ഒാരോ അപകടം കഴിയുമ്പോഴും കിഴക്കേകോട്ടയിൽ ചിട്ടയും ക്രമവുമുള്ള ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭിപ്രായങ്ങൾ ഉയരും. സർക്കാരും നഗരസഭയും ഗതാഗത നിയന്ത്രണത്തിന് ചുക്കാൻ പിടിക്കുന്ന പൊലീസ് മേധാവികളുമൊക്കെ ഗീർവാണങ്ങളുമായി മാളത്തിൽ നിന്ന് പുറത്തുവരും. ഒന്നും നടക്കുകയില്ല. അപകടം നടന്ന നിരത്തിലെ ചോരക്കറ ആയിരക്കണക്കിന് വാഹനങ്ങൾ നിരന്തരം ഒാടിമാഞ്ഞ് ഇല്ലാതാകുന്നതിനൊപ്പം കാൽനടക്കാരുടെ ആവശ്യവും വിസ്മൃതിയിലാകും. സാധാരണക്കാർക്കുകൂടി റോഡ് ഉപയോഗിക്കേണ്ടിവരുമെന്നും മറ്റൊന്നും ചെയ്തില്ലെങ്കിലും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള മിനിമം സൗകര്യമെങ്കിലും ഏർപ്പെടുത്തണമെന്നുമുള്ള പ്രാർത്ഥന ബധിരകർണങ്ങളിലാണ് പതിക്കാറുള്ളത്.
വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങാൻ കിഴക്കേകോട്ടയിലെത്തിയ വെങ്ങാനൂർ പനങ്ങോട് ശ്രീനിലയത്തിൽ ബേബിബായി എന്ന അറുപത്തൊമ്പതുകാരിയാണ് വ്യാഴാഴ്ച അധികാരികളുടെ നിസംഗ നിലപാടിന്റെ ഫലമായി ബസിടിച്ച് മരണമടഞ്ഞത്. അടുക്കും ചിട്ടയുമില്ലാത്ത ഗതാഗത സംവിധാനമാണ് ഏറ്റവും തിരക്കേറിയ ഇൗ ഭാഗത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. സിറ്റി ബസുകളുടെ ആസ്ഥാനമാകയാൽ ഇവിടെ സദാ തിരക്കാണ്. ട്രാൻസ്പോർട്ട് ബസുകാരും സ്വകാര്യ ബസുകാരും തമ്മിൽ നിരന്തരം സംഘർഷത്തിലായതിനാൽ ബസ് നിറുത്തുന്നതിനും പാർക്ക് ചെയ്യുന്നതിനും കൃത്യമായ ഇടങ്ങളില്ല. പാഞ്ഞെത്തുന്ന ബസുകളിൽ തട്ടാതെ വേണം ആളുകൾക്ക് റോഡ് മുറിച്ചുകടക്കാനും തങ്ങൾക്ക് പോകേണ്ട ബസുകളിൽ കയറിപ്പറ്റാനും. മെയ്വഴക്കവും അഭ്യാസവും വശമുള്ളവർക്ക് ഇതൊന്നും അത്ര കാര്യമല്ലെങ്കിലും സ്ത്രീകൾക്ക്, പ്രത്യേകിച്ചും പ്രാന്തപ്രദേശങ്ങളിൽ നിന്നെത്തുന്ന പ്രായാധിക്യമുള്ളവർക്ക് റോഡ് മുറിച്ചുകടക്കൽ വലിയ അഭ്യാസം തന്നെയാണ്. അശാസ്ത്രീയമായ പാർക്കിംഗ് ബേകളും ബസ് സ്റ്റോപ്പ് ക്രമീകരണവും ഏറെ അപകട സാദ്ധ്യതകൾ സൃഷ്ടിക്കുന്നവയാണ്. വാഹനങ്ങൾ നിയന്ത്രിക്കാൻ മതിയായ പൊലീസുകാരും കാണില്ല. ആയുസിന്റെ ബലംകൊണ്ടാവും പലരും ഇവിടം കടന്ന് വീടുകളിലെത്താറുള്ളത്. അത്രയധികം കുത്തഴിഞ്ഞതും കാൽനടക്കാരുടെ അവകാശങ്ങൾക്ക് പുല്ലുവില കല്പിക്കാത്തതുമാണ് ഇവിടത്തെ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ.
പതിവുപോലെ വ്യാഴാഴ്ചത്തെ അപകടത്തിനുശേഷം കിഴക്കേകോട്ടയിൽ കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മറികടക്കാൻ മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധികാരികൾക്ക് ബോദ്ധ്യമായിട്ടുണ്ട്. പതിറ്റാണ്ടിലധികമായി ഇതിനെക്കുറിച്ചൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്. കിഴക്കേകോട്ട മാത്രമല്ല ഇതുപോലെ ജനങ്ങളുടെ ജീവനെടുക്കുന്ന നിരവധി കേന്ദ്രങ്ങൾ തലസ്ഥാന നഗരിയിലുണ്ട്. ഒാവർബ്രിഡ്ജ്, തമ്പാനൂർ, വെള്ളയമ്പലം, പട്ടം, കേശവദാസപുരം, ശ്രീകാര്യം, ചാക്ക, കഴക്കൂട്ടം തുടങ്ങി എത്രയോ ഇടങ്ങൾ കാൽനടക്കാരെ കാത്തിരിക്കുന്ന അപകട കേന്ദ്രങ്ങളാണ്. കിഴക്കേകോട്ടയിൽ മേൽപ്പാലം നിർമ്മിക്കാൻ കരാർ വരെയായതാണ്. പണി തുടങ്ങാറായപ്പോഴാണ് ചുമതലപ്പെട്ടവരിൽ ചിലർക്ക് ചരിത്രബോധം കലശലായതും കോട്ട മറയുംവിധം മേൽപ്പാലം പാടില്ലെന്നും വെളിപാടുണ്ടായത്. മനുഷ്യ ജീവന് യാതൊരു വിലയും കല്പിക്കാത്തവരുടെ ചരിത്രബോധം അംഗീകരിക്കാൻ ഇവിടെ ആളുകളും ഉണ്ട്. എതിർപ്പ് മറികടന്നും കിഴക്കേകോട്ടയിൽ മേൽപ്പാലം നിർമ്മിക്കുമെന്നാണ് വ്യാഴാഴ്ചത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരപിതാവ് ഉറപ്പ് പറയുന്നത്. കിഴക്കേകോട്ടയിൽ മാത്രമല്ല, ഏറെ തിരക്കറിയ മറ്റിടങ്ങളിലും മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കാനുള്ള നഗരസഭയുടെ പദ്ധതിയും അദ്ദേഹം വെളിപ്പെടുത്തുന്നു. പറഞ്ഞുകൊതിപ്പിക്കുന്നതല്ലാതെ ഇതൊന്നും ഉയർന്നുവരുന്നില്ലെന്നതിലാണ് നഗരവാസികളുടെ സങ്കടം. ഇച്ഛാശക്തിയുണ്ടെങ്കിൽ ഇതൊക്കെ പ്രവൃത്തിപഥത്തിലെത്തിക്കാൻ ഏതാനും മാസങ്ങൾ മതി. വാഹനക്കുരുക്കിന്റെ സ്ഥിരം കേന്ദ്രങ്ങളായ ശ്രീകാര്യത്തും പട്ടത്തും പേരൂർക്കടയിലും ഫ്ളൈ ഒാവറുകൾ നിർമ്മിക്കാൻ ആലോചന തുടങ്ങിയിട്ട് നിരവധി വർഷങ്ങളായി. ശ്രീകാര്യം മേൽപ്പാലം സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള പുതിയ തർക്കത്തിൽ കുരുങ്ങിക്കിടക്കുകയാണ്. മറ്റു രണ്ടെണ്ണത്തിന്റെയും സ്ഥിതിയും ഇതുതന്നെ. നഗരത്തിന് മാസ്റ്റർ പ്ളാനുകളും വികസന പദ്ധതികളുമൊക്കെ നിരവധി ഉണ്ടെങ്കിലും നഗര ജീവിതം ആയാസരഹിതമാക്കാനുള്ള നടപടികൾക്ക് ഒച്ചിന്റെ വേഗം പോലുമില്ല.