തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനുമായി നിലയ്ക്കലിൽ വാഗ്വാദത്തിലേർപ്പെട്ട എസ്.പി യതീഷ്ചന്ദ്രയ്ക്ക് നടപടികളിൽനിന്ന് എളുപ്പത്തിൽ തലയൂരാനാവില്ല. തനിക്ക് നേരിട്ട അപമാനം വിവരിച്ച് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് മന്ത്രി പരാതി നൽകിയിട്ടുണ്ട്. പ്രിവിലേജ് കമ്മിറ്റി നടപടിയെടുക്കണമെന്നാണ് ആവശ്യം. ബി.ജെ.പി ദേശീയവക്താവ് മീനാക്ഷിലേഖിയാണ് കമ്മിറ്റി അദ്ധ്യക്ഷ. ശിക്ഷ കിട്ടാനിടയില്ലെങ്കിലും യതീഷിന് പല തവണ പാർലമെന്റിൽ കയറിയിറങ്ങി കമ്മിറ്റി മുമ്പാകെ മൊഴി നൽകേണ്ടിവരും.
മുതിർന്ന 15 എം.പിമാരടങ്ങിയതാണ് പ്രിവിലേജ് കമ്മിറ്റി. താക്കീത് മുതൽ ജയിലിൽ അയയ്ക്കാൻ വരെ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് ആറു വർഷം കമ്മിറ്റി ചെയർമാനായിരുന്ന രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തുന്നതോടെ നടപടികൾ അവസാനിപ്പിക്കാറാണ്. പതിവ്. താൻ ചെയർമാനായിരിക്കെ, ഡൽഹി പൊലീസ് കമ്മിഷണർക്കെതിരെ അവകാശലംഘന നടപടി തുടങ്ങിയെങ്കിലും ക്ഷമ പറഞ്ഞതോടെ അവസാനിപ്പിച്ചെന്ന് കുര്യൻ പറഞ്ഞു.
ലോക് സഭാ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി പരാതി നൽകിയാൽ അത് കാബിനറ്റ് സെക്രട്ടറിക്ക് കൈമാറും. കാബിനറ്റ് സെക്രട്ടേറിയറ്റ് പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറിയാൽ അന്വേഷിച്ചേ പറ്റൂ. കേന്ദ്രമന്ത്രിയോട് സംസാരിക്കേണ്ട രീതിയിലല്ല യതീഷ് സംസാരിച്ചത്. പ്രോട്ടോക്കോളിൽ എല്ലാ ഉദ്യോഗസ്ഥർക്കും മുകളിലാണ് മന്ത്രി. താങ്കൾ എന്നു വിളിച്ചുള്ള തർക്കം ഗൗരവമുള്ളതാണ്- പി.ജെ. കുര്യൻ വ്യക്തമാക്കി.
ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്.പിയുടെ ചോദ്യം അവകാശലംഘനമാവുമെന്നും മന്ത്രിയെ അപഹസിക്കുകയാണ് എസ്.പി ചെയ്തതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
കുരുക്ക്
1) ഔദ്യോഗിക സന്ദർശനമല്ലെങ്കിലും കേന്ദ്രമന്ത്രിയെത്തുമ്പോൾ പ്രോട്ടോക്കോൾ പാലിച്ചേ പറ്റൂ
2) എങ്ങനെ പെരുമാറണമെന്നും എന്തു വിളിക്കണമെന്നുമെല്ലാം പെരുമാറ്റ ചട്ടമുണ്ട്
3) കേന്ദ്രമന്ത്രിയുമായി വാഗ്വാദം നടത്തുന്ന വീഡിയോ തെളിവായി സ്വീകരിക്കാം
''അവകാശ ലംഘനമുണ്ടോയെന്ന് സ്പീക്കർക്ക് തന്നെ നിശ്ചയിച്ച് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറാം. കമ്മിറ്റി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ എസ്.പി കുഴയും. ക്ഷമാപണം നടത്തിയാൽ നടപടികൾ ഇല്ലാതാക്കാം.''
എസ്.എം. വിജയാനന്ദ്, മുൻ ചീഫ് സെക്രട്ടറി