dd

നെയ്യാറ്റിൻകര: സനൽകുമാറിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഭാര്യ വിജിയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇക്കഴിഞ്ഞ നവംബർ 5ന് രാത്രി കൊടങ്ങാവിളയിൽ വച്ച് സനൽകുമാർ (32) എന്ന യുവാവ് കൊല്ലപ്പെട്ട സംഭവവും തുടർന്ന് കേസിലെ പ്രതിയായിരുന്ന ഡിവൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യയും ഏറെ ചർച്ചയായിരുന്നു. പ്ളസ് ടു പാസായ വിജിക്ക് ഉദ്യോഗം നൽകുന്നത് പരിഗണിക്കാമെന്ന് സർക്കാർ ഏതാണ്ട് ഉറപ്പ് നൽകിയിരുന്നെങ്കിലും ഹരികുമാറിന്റെ മരണത്തോടെ അതു മരവിച്ച മട്ടിലാണ്. കടുത്ത കടബാദ്ധ്യത കാരണം പിതാവ് ജീവനൊടുക്കിയപ്പോൾ അദ്ധ്വാനം കൊണ്ട് കടങ്ങളെല്ലാം വീട്ടാമെന്ന ആത്മവിശ്വാസത്തിലാണ് സനൽകുമാർ ജീവിച്ചത്. എന്നാൽ പുതിയ വീട് പണിതതോടെ സനൽപിന്നേയും കടക്കെണിയിലായി. സനലിന്റെ മരണത്തോടെ അനാഥമായ ഈ കുടുംബത്തിന് ഇപ്പോൾ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. നിത്യവൃത്തിക്ക് പോലും വകയില്ലാതെ ജീവിക്കുന്ന വിജിയും കുടുംബവും സർക്കാരിന്റെ കനിവ് കാത്ത് കഴിയുകയാണ്. വിജിയേയും കുടുംബത്തേയും സംരക്ഷിക്കാനായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് കർമ്മ സമിതി പ്രവർത്തകർ.