ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സിലോൺ യാത്രയുടെ നൂറാം വാർഷികം നാളെ ശ്രീലങ്കയിൽ ആഘോഷിക്കും. രണ്ട് പ്രാവശ്യം ഗുരുദേവൻ സിലോൺ സന്ദർശിച്ചിട്ടുണ്ട്. 1918 സെപ്തംബർ 24നാണ് ആദ്യ സന്ദർശനം. അതിന്റെ ശതാബ്ദി നാളെ ശ്രീലങ്കൻ സമൂഹവും ശിവഗിരി മഠവും ചേർന്നാണ് ആഘോഷിക്കുന്നത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവരുടെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന സംഘം ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ശ്രീലങ്കയിലേക്ക് പുറപ്പെടും. കൊച്ചി, ചെന്നൈ, കോയമ്പത്തൂർ, മുംബയ്, ഭിലായ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ നൂറംഗ സംഘം പോകുന്നുണ്ട്.
നാളെ ശതാബ്ദി സമ്മേളനത്തിലും പൂജയിലും സത്സംഗത്തിലും പങ്കെടുക്കും. നൂറു വർഷം മുമ്പ് ഗുരുദേവനും സ്വാമി സത്യവ്രതൻ, സ്വാമി ബോധാനന്ദ, സ്വാമി ഹനുമാൻഗിരി, സ്വാമി രാമകൃഷ്ണാനന്ദ, ചെറുവാരി ഗോവിന്ദൻ ശിരസ്തദാർ ഉൾപ്പെടെയുളള ശിഷ്യന്മാരും സഞ്ചരിച്ച വഴികളിലൂടെ സ്മൃതിയാത്രയും നടത്തിയ ശേഷം 28ന് ശിവഗിരി സംഘം മടങ്ങിയെത്തും.