atl23na

ആ​റ്റിങ്ങൽ: പ്രളയാനന്തര കേരളം പുനരധിവാസത്തിനും ക്ഷേമത്തിനും കാത്തിരിക്കുമ്പോൾ അപ്രധാന വിഷയങ്ങളെ പർവതീകരിക്കുന്നതിനും തെ​റ്റിദ്ധാരണ പരത്തുന്നതിനും ചിലർ ശ്രമിക്കുകയാണന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തോന്നയ്ക്കൽ സായിഗ്രാമത്തിൽ സത്യസായിബാബയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 108 ദിവസം നീണ്ടുനിന്ന സായി സംഗീതോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 16,​000 വീടുകൾ നാം നിർമ്മിച്ച് നൽകേണ്ടതുണ്ട്. ജീവിതത്തിന്റെ സർവതും നഷ്ടപ്പെട്ടവരെ പ്രതീക്ഷയുടെ പ്രകാശത്തിലേക്ക് കൂട്ടിക്കൊണ്ട് വരണം. അത്തരം ചെറുതും വലുതുമായ സഹായങ്ങളെല്ലാം ഈശ്വരാനുഗ്രഹം നേടിത്തരുന്നവയായിരിക്കും. നാടിനെ പുനർനിർമ്മിക്കുകയെന്ന മഹത്തായ യജ്ഞത്തിന് ഇപ്പോൾ വലിയ പ്രാധാന്യം കൊടുക്കാൻ ആരും തയ്യാറാകാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിൽ പൊതുനന്മയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തുന്ന സായിട്രസ്റ്റിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മുദാക്കൽ, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലെ അംഗൻവാടികൾക്കുള്ള സൈക്കിൾ വിതരണവും മന്ത്റി നിർവഹിച്ചു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ആനന്ദകുമാർ, ഡോ. പി. രാധാകൃഷ്ണൻ നായർ, ഇളമ്പ ഉണ്ണിക്കൃഷ്ണൻ, സിമി, അഡ്വ. മുട്ടത്തറ വിജയകുമാർ എന്നിവർ സംസാരിച്ചു.