kshe-mam

കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് ഊർജിത കന്നുകുട്ടി പരിപാലന പദ്ധതി, ക്ഷീരകർഷകർക്കുള്ള പരിശീലന പദ്ധതി, വിവിധ ക്ഷേമപദ്ധതികളുടെ വിതരണം, പാസ് ബുക്ക് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനം നടന്നത്. 10 പട്ടികജാതി കുടുംബങ്ങൾക്ക് ഓരോ കറവപശുക്കളെ 75 ശതമാനം സബ്സിഡിയിലും ജനറൽ വിഭാഗത്തിന് ഗർഭിണി പശുവളർത്തൽ പദ്ധതി പ്രകാരം 26 പശുക്കളെ 50 ശതമാനം സബ്സിഡിയിലും 10 പട്ടിക ജാതി കുടുംബങ്ങൾക്ക് പെണ്ണാട് വളർത്തൽ പദ്ധതിയിൽ രണ്ട് ആടുവീതം 75 ശതമാനം സബ്സിഡി നിരക്കിലും നൽകി. കൃഷി ഓഫീസർ ഡോ. ബിന്ദു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ബേബി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, അംഗങ്ങളായ പ്രസന്ന ദേവരാജൻ, രേണുക കുമാരി, ശാരിക, നസീർ തുടങ്ങിയവർ പങ്കെടുത്തു.