dndp1

ചിറയിൻകീഴ്: ജാതി മത വർഗ വ്യത്യാസമില്ലാത്ത മാനവ സാഹോദര്യം മുഖമുദ്ര‌യാക്കിയ ലോക ക്രമത്തിനാണ് ശ്രീനാരായണ ഗുരുദേവൻ ആയുസും വപുസും അർപ്പിച്ചതെന്നു ശിവഗിരി തീർത്ഥാടന കമ്മിറ്റി ജനറൽ സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു. ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ താലൂക്കുതല ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിവഗിരി തീർത്ഥാടനം മറ്റു തീർത്ഥാടനങ്ങളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നതു മനുഷ്യ സാഹോദര്യത്തിന്റെയും അറിവിന്റെയും തീർത്ഥാടനമായി അറിയപ്പെടുന്നതു കൊണ്ടാണ്. ഗുരുദേവ സന്ദേശങ്ങൾക്കുള്ള പ്രസക്തി ഏറെ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഗുരുദേവ വിശ്വാസികളുടെ കൂട്ടായ്മ അത്യന്താപേക്ഷിതമായിട്ടുള്ളതാണെന്ന് സ്വാമി വിശാലാനന്ദ പറഞ്ഞു. ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഡോ. ബി. സീരപാണി ശിവഗിരി തീർത്ഥാടന പദയാത്ര മുഖ്യ ലക്ഷ്യങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ഡി. വിപിൻരാജ്, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ശിവഗിരി യൂണിയൻ സെക്രട്ടറി അജി .എസ്.ആർ.എം, കൗൺസിലർമാരായ എസ്. സുന്ദരേശൻ, ഡി. ചിത്രാംഗദൻ, സജി വക്കം, സി. കൃത്തിദാസ്, ഉണ്ണിക്കൃഷ്ണൻ ഗോപിക, ശിവകുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സലിത, പ്രിമിത, ഷീന അമ്പാടി, രമണി, ലതിക, പ്രദീപ്, കനകം യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രിയദർശൻ, സഭവിള ആശ്രമം പ്രസിഡന്റ് സുഭാഷ് പുത്തൂർ, സെക്രട്ടറി ഡി. ജയതിലകൻ എന്നിവർ സംസാരിച്ചു. ഡിസംബർ 25നു ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രസന്നിധിയിൽ നിന്ന് ശിവഗിരി മഹാതീർത്ഥാടനത്തിനു മുന്നോടിയായി ശിവഗിരിയിലേക്കു തീർത്ഥാടന വിളംബര പദയാത്ര നടത്താൻ സമ്മേളനം തീരുമാനിച്ചു. 501 പേര‌ടങ്ങുന്ന വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു.