മുടപുരം: റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി എടുത്ത വലിയ കുഴി മണ്ണിട്ട് നികത്തി. ഒരു മാസം മുൻക് കോൺക്രീറ്റ് ചെയ്ത അഴൂർ ഗ്രാമ പഞ്ചായത്തിലെ മുട്ടപ്പലം എം.എഫ്.എ.സി പൊയ്‌കയിൽ പണ്ടാരവിള റോഡാണ് അറ്റകുറ്റപ്പണികൾക്കായി കുഴിച്ചത്. പൈപ്പ് ശരിയാക്കിയതല്ലാതെ കുഴിയിൽ മണ്ണിട്ട്മൂടാനോ കോൺക്രീറ്റ് ചെയ്യാനോ അധികൃതർ തയ്യാറായില്ല. തുടർന്ന് കുഴി നാട്ടുകാർക്കും വാഹന കാൽനട യാത്രക്കാർക്കും അപകടകരമായി മാറി. ഇത് സംബന്ധിച്ച് നവംബർ 18 ന് "അപകടക്കെണി മൂടാതെ അധികൃതർ "എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് പിറ്റേന്ന് രാവിലെതന്നെ അധികൃതർ കുഴി മണ്ണിട്ട് നികത്തുകയായിരുന്നു. കുഴി നികത്തിയെങ്കിലും അതിനുമുകളിൽ കോൺക്രീറ്റ് ചെയ്തിട്ടില്ല. അതിൽ മണ്ണിട്ടുനികത്തിയ കുഴിക്ക് മുകളിൽ കോൺക്രീറ്റ് ചെയ്യാനുള്ള നടപടികൂടി അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.