വർക്കല: വർക്കലയിലെ പ്രധാന ജലസ്രോതസായ പെരുങ്കുളം പായലും മാലിന്യങ്ങളും നിറഞ്ഞ് നശിക്കുന്നു. നവീകരണം ഇല്ലാത്തതിനാൽ അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്. കുളത്തിന്റെ മുക്കാൽ ഭാഗത്തിലധികം പായൽ നിറഞ്ഞ് കിടക്കുകയാണ്. വശങ്ങളിലെല്ലാം പൊന്തക്കാട് വളർന്ന് കിടക്കുന്നു. പടിക്കെട്ടുകളധികവും തകർന്ന അവസ്ഥയിലാണ്. സംരക്ഷണഭിത്തിയും തകർന്നിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണ് കുളത്തിന്റെ പാർശ്വഭാഗങ്ങൾ നികന്നിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുളള പെരുങ്കുളം വർക്കലയുടെ ചരിത്രത്തോടൊപ്പം ചേർന്നു നിൽക്കുന്നു. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് പാണ്ഡ്യരാജാവ് നിർമ്മിച്ചതാണ് പെരുങ്കുളമെന്ന് വിശ്വസിക്കപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഉയർന്നാണ് സ്ഥിതിചെയ്യുന്നത്. ഈ കുളം വറ്റിയ ചരിത്രമില്ലെന്ന് നാട്ടുകാർ പറയുന്നു. കഠിന വേനലിൽ പ്രദേശത്തിന്റെ ജലക്ഷാമത്തിന് കുളം പരിഹാരമായിരുന്നു.
ഒരുകാലത്ത് നാട്ടുകാർ കുടിക്കാനും ആഹാരം പാകം ചെയ്യാനുമൊക്കെ പെരുങ്കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നതായി പഴമക്കാരും പറയുന്നു. പിന്നീട് അധികൃതരുടെ അനാസ്ഥ മൂലം മാലിന്യവാഹിയായി മാറി. മൂന്നേക്കറിലധികം വിശാലമായതാണ് കുളം. വർക്കല മേഖലയിൽ സർക്കാർ വകയിൽ ശുദ്ധജല വിതരണം സാർവത്രികമായതോടെ അധികൃതർ തന്നെ കുളത്തെ വിസ്മരിച്ചു. കാലക്രമേണ നാട്ടുകാരും കൈയൊഴിഞ്ഞു. ഇപ്പോൾ പായലും മലിനജലവും നിറഞ്ഞ കുളം കന്നുകാലികളെ കുളിപ്പിക്കാനും വാഹനം കഴുകാനും വസ്ത്രങ്ങൾ അലക്കാനുമാണ് പലരും ഉപയോഗിക്കുന്നത്. അതുതന്നെ കിണറും പൈപ്പ് ലൈനും ഒന്നുമില്ലാത്തവർ മാത്രം.
കുളത്തിന്റെ അടിത്തട്ടിൽ പത്തടിയോളം കനത്തിൽ ചെളി തളംകെട്ടിക്കിടക്കുന്നു. തീർത്തും അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഈ കുളത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ കുളിക്കാനിറങ്ങുന്നത് ജീവൻ പണയപ്പെടുത്തിയാണ്. ടൂറിസം മേഖലയിൽ സ്ഥിതിചെയ്യുന്ന കുളമായതിനാൽ വിദേശികളും ഇവിടെയെത്തുന്നുണ്ട്. പെരുങ്കുളത്തെ സംരക്ഷിക്കാൻ ചില പദ്ധതികൾ കാലാകാലങ്ങളിൽ അധികൃതർ തട്ടിക്കൂട്ടുന്നതല്ലാതെ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ല.