തിരുവനന്തപുരം : ശബരിമലയെ സംഘർഷ ഭൂമിയാക്കിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ആർ.എസ്.പി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി വന്നപ്പോൾ എന്തുവിലകൊടുത്തും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രകോപനങ്ങൾക്ക് കാരണമായി. പിന്നാലെ ദേവസ്വം ബോർഡും നിലപാട് കടുപ്പിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് പൊലീസിനെ ഇറക്കിയാണെങ്കിലും വിധി നടപ്പാക്കുമെന്ന ഡി.ജി.പിയുടെ വാക്കുകളും വിശ്വാസികളുടെ വികാരത്തെ ആളിക്കത്തിച്ചു. കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ കാത്തിരുന്ന ആർ.എസ്.എസും ബി.ജെ.പിയും ഈ സാഹചര്യം മുതലെടുത്തു.
പ്രളയത്തിൽ തകർന്ന പമ്പയുടെയും സന്നിധാനത്തെയും അവസ്ഥ ബോദ്ധ്യപ്പെടുത്തി സാവകാശ ഹർജിയോ, പുനഃപരിശോധന ഹർജിയോ നൽകിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ കേരളത്തിൽ ബി.ജെ.പിക്ക് വളരാൻ പിണറായി വിജയൻ വഴിതുറന്ന് കൊടുക്കുകയായിരുന്നു.
സ്ത്രീപ്രവേശന വിധി നവോത്ഥാനത്തിന്റെ തുടർച്ചയെന്നാണ് കേരളം മുഴുവൻ മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും ഉൾപ്പെടെയുള്ളവർ കോടതി വിധികളുടെ പിൻബലത്തിലല്ല നവോത്ഥാന മുന്നേറ്റം നടത്തിയത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അജൻഡ വോട്ട് രാഷ്ട്രീയമാണ്. ഇവർക്കെതിരെ ശക്തമായ മുന്നേറ്റമാണ് കോൺഗ്രസും യു.ഡി.എഫും നടത്തുന്നത്. അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നൽകുമെന്നും ആന്റണി പറഞ്ഞു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ഷിബു ബേബി ജോൺ, എ.എ. അസീസ്, ബാബു ദിവാകരൻ, നെയ്യാറ്റിൻകര സനൽ, ഫിലിപ്പ് കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.