2016ൽ മൃഗീയഭൂരിപക്ഷത്തിന്റെ തിളക്കത്തിൽ പിണറായി വിജയൻ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ സഖ്യകക്ഷിയായ ജനതാദൾ -എസിൽ തുടങ്ങിയ കല്ലുകടിയാണ് രണ്ടരവർഷം പിന്നിടുന്ന വേളയിൽ മന്ത്രിയുടെ സ്ഥാനചലനത്തിലെത്തി നിൽക്കുന്നത്. ജനതാദൾ -എസിൽ ഇത് ഇവിടം കൊണ്ട് അവസാനിക്കുമെന്ന് കരുതാനാവില്ല. കാരണം പാർട്ടിക്കുള്ളിലെ അധികാരത്തർക്കം ഏറ്റവുമൊടുവിൽ വ്യക്ത്യധിഷ്ഠിതമായ തലത്തിലേക്ക് വരെ താഴുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു എന്നതുതന്നെ. മന്ത്രിസ്ഥാനമൊഴിയുന്ന മാത്യു.ടി.തോമസിന്റെ കുടുംബാംഗങ്ങൾക്കെതിരെ മന്ത്രിയുടെ മുൻജീവനക്കാരി ഉയർത്തിയ പരാതിക്ക് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ പാർട്ടിക്കുള്ളിലെ മറുചേരിയാണെന്നും നിയുക്ത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പി.എ ആയിരുന്ന ഉദ്യോഗസ്ഥൻ മാത്യു.ടി.തോമസിനെതിരെ അപവാദപ്രചരണം നടത്തിയെന്നുമുള്ള ആക്ഷേപങ്ങൾ പാർട്ടിക്കുള്ളിൽ വിവാദങ്ങളായി കത്തിപ്പടർന്നത് സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ ചെറുതല്ല.
മാത്യു.ടി.തോമസിന്റെ മടക്കത്തോടെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് നാലാമത്തെ മന്ത്രിയുടെ രാജിയും സംഭവിക്കുകയാണ്. എന്നാൽ മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ സംഭവിച്ചത് പോലെ ആരോപണത്തിന്റെ പേരിലല്ല ഈ രാജി എന്ന് മാത്രം. പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തിന്റെ അനന്തരഫലമായി സംഭവിച്ചതാണിത്.
സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള രാജികൾ ചരിത്രത്തിന്റെ ആവർത്തനം മാത്രമാണ്. 1987ൽ എം.പി. വീരേന്ദ്രകുമാർ ജനതാപാർട്ടിയുടെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് 24 മണിക്കൂറിനകം രാജിവച്ചൊഴിയേണ്ടി വന്നിട്ടുണ്ട്. അന്ന് പാർട്ടിക്കുള്ളിൽ പി.ആർ. കുറുപ്പും എൻ.എം. ജോസഫും മാത്യു.ടി.തോമസും ചേർന്ന് നയിച്ച കലാപത്തിന്റെ ഫലശ്രുതിയായിരുന്നു ഈ രാജി. തുടർന്ന് എൻ.എം. ജോസഫ് മന്ത്രിയായി. 1996ലെ നായനാർ മന്ത്രിസഭയിലുമുണ്ടായി ഇതിന്റെ മറ്റൊരാവർത്തനം. അന്ന് പി.ആർ. കുറുപ്പിനെതിരെ പാർട്ടിക്കുള്ളിൽ വലിയ വിഭാഗം പടനയിച്ചപ്പോൾ പാർട്ടി ഘടകങ്ങളിൽ ഹിതപരിശോധനയ്ക്ക് ദേശീയ നേതൃത്വത്തിൽ നിന്ന് പ്രമീള ദന്തവദെ നേരിട്ടെത്തി. ഇതിനൊടുവിൽ കുറുപ്പിന് രാജിവച്ചൊഴിയേണ്ടി വന്നു. പിന്നാലെ വന്ന നീലലോഹിതദാസ് നാടാർക്ക് പീഡന ആരോപണത്തിൽ കുരുങ്ങി പുറത്ത് പോകേണ്ടി വന്നു. തുടർന്ന് നറുക്ക് വീണത് സി.കെ. നാണുവിന്.
2006ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലുമുണ്ടായി ജനതാദൾ കുടുംബത്തിന് ഈ ദുർഗതി. അത് പക്ഷേ പാർട്ടിക്കുള്ളിലെ വടംവലിയായിരുന്നില്ല. 2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് ജനതാദളിന് നിഷേധിച്ചതിലുള്ള പ്രതിഷേധമായി സംഭവിച്ചത് ഗതാഗതമന്ത്രിയായിരുന്ന മാത്യു.ടി.തോമസിന്റെ രാജിയായിരുന്നു. പാർട്ടി നിർദ്ദേശമനുസരിച്ച് മാത്യു.ടി. രാജിവച്ചെങ്കിലും തൊട്ടുപിന്നാലെ വീരേന്ദ്രകുമാർ വിഭാഗം മുന്നണി വിട്ടുപോയത് അപ്രതീക്ഷിതമായി. ഇതിനോട് യോജിക്കാതെ മാത്യു.ടി.തോമസ് ജനതാദൾ-എസിനെ നയിച്ച് ഇടതുമുന്നണിയിൽ ഉറച്ചുനിന്നു. മാത്യു.ടിയുടെ പിൻഗാമിയായി ജോസ് തെറ്റയിൽ മന്ത്രിയുമായി. എച്ച്.ഡി. ദേവഗൗഡയോടും ഇടതുമുന്നണിയോടും പ്രതിസന്ധിഘട്ടത്തിൽ പുലർത്തിയ ആ കൂറാണ് മാത്യു.ടി. തോമസിന് ഇത്തവണ തുണയായത്. ഇപ്പോഴത്തെ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി അന്ന് വീരേന്ദ്രകുമാറിനൊപ്പം പോയെങ്കിലും പിൽക്കാലത്ത് തിരിച്ച് ജെ.ഡി.എസിലെത്തുകയായിരുന്നു.
പാരമ്പര്യം കൊണ്ട് സോഷ്യലിസ്റ്റ് കുടുംബത്തിൽ സീനിയറായ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന വാദം സംസ്ഥാനഘടകത്തിൽ പിണറായി സർക്കാരിന്റെ രൂപീകരണവേളയിൽ ശക്തിയായി ഉയർന്നു. പ്രായോഗികരാഷ്ട്രീയത്തിലെ വഴക്കമില്ലായ്മയാണ് ഇപ്പോൾ മാത്യു.ടി.തോമസിന് വിനയായതെന്ന് വിലയിരുത്തുന്നവർ ജനതാദൾ-എസിൽ ഇല്ലാതില്ല. കൃഷ്ണൻകുട്ടി നിയമസഭയിലേക്ക് ജയിച്ചു കയറിയപ്പോഴെല്ലാം പാർട്ടി പ്രതിപക്ഷത്തായിരുന്നത് കൊണ്ടുതന്നെ അദ്ദേഹത്തിന് മന്ത്രിക്കസേര എന്നും അന്യമായി നിന്നതാണ്. ഇക്കുറി അത് ലഭിക്കാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചതും അതിനാൽ ആയിരിക്കും.
ഏറ്റവുമൊടുവിൽ ചേരിപ്പോര് വ്യക്ത്യധിഷ്ഠിത തലത്തിലേക്കെത്തിയ വേളയിലാണ് മറുചേരിക്കൊപ്പം കസേര പങ്കിടാൻ പോലും മാത്യു.ടി. തോമസ് വിസമ്മതം പ്രകടിപ്പിച്ചത്. ദേശീയനേതൃത്വത്തെ എന്നും അംഗീകരിച്ച് നിന്ന മാത്യു.ടി. തോമസ്, രണ്ടുതവണ തുടർച്ചയായി ദേശീയ അദ്ധ്യക്ഷന്റെ ക്ഷണം നിരസിച്ച് കൂടിക്കാഴ്ച ബഹിഷ്കരിച്ചത് അച്ചടക്കലംഘനമായി വ്യാഖ്യാനിക്കപ്പെട്ടു. 2009ൽ ഗതാഗതമന്ത്രിസ്ഥാനം ഒഴിഞ്ഞ് സാധാരണക്കാരനായി ബസിൽ യാത്ര ചെയ്ത മാത്യു.ടി. തോമസ് ആ ലാളിത്യവും അഴിമതിരഹിത പ്രതിച്ഛായയും ഉയർത്തിപ്പിടിച്ചാണ് മടങ്ങുന്നത്. വ്യക്തിപരമായ അധിക്ഷേപമേറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ മനസിനെ മുറിവേൽപ്പിച്ചെന്ന് അനുയായികൾ കരുതുന്നു. അതേസമയം, സോഷ്യലിസ്റ്റ് ചേരിയിലെ ശക്തവും ശ്രദ്ധേയവുമായ മുഖവുമായി കൃഷ്ണൻകുട്ടി ആ സ്ഥാനത്തേക്ക് കടന്നുവരുന്നത് വൈകിവന്ന അംഗീകാരമായി വിലയിരുത്തപ്പെടുകയുമാണ്.