തിരുവനന്തപുരം: നവജാതശിശുവിന്റെ നട്ടെല്ലിൽ നിന്ന് ഒരു കിലോ തൂക്കം വരുന്ന മുഴ സർജറിയിലൂടെ വിജയകരമായി നീക്കം ചെയ്തു. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു സർജറി. 26 വയസുള്ള ഗർഭിണിയെ സ്‌കാൻ ചെയ്തപ്പോൾ കുഞ്ഞിന് നട്ടെല്ലിന് താഴെയായി ഒരു മുഴ കണ്ടെത്തിയിരുന്നു. തുടർന്ന് 39 ആഴ്ചയായപ്പോൾ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്ത് അപ്പോൾ തന്നെ താക്കോൽ ദ്വാര ശസ്ത്രക്രിയയ്‌ക്കു വിധേയമാക്കി. നട്ടെല്ലിനു താഴെയായി 14 സെ.മി നീളവും 12 സെ.മി വീതിയുമുള്ള വെള്ളം നിറഞ്ഞ മുഴ യാണ് നീക്കം ചെയ്തത്. കുഞ്ഞിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ശാരീരിക തകരാറുകളും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ. അജിത് ആർ. നായരുടെ നേതൃത്വത്തിൽ ന്യൂറോ സർജന്മാരായ ഡോ. നവാസ്, ഡോ. അബു മദൻ, ഡോ. സ്‌നേഹ ചിത്ര, നിയോനാറ്റോളജിസ്റ്റായ ഡോ. മൃണാൾ എസ്. പിള്ള, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സുശാന്ത് ബി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.