politics

നെടുമങ്ങാട് : എന്തെല്ലാം മേന്മകൾ അവകാശപ്പെട്ടാലും സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റുന്ന എന്തോ ചിലത് ഭരണ സംവിധാനത്തിനകത്ത് നിലനിൽക്കുന്നുണ്ടെന്നും അത് എന്താണെന്ന് കണ്ടെത്തുകയും സർക്കാരിന്റെ സേവനങ്ങളെക്കുറിച്ച് ജനങ്ങളിൽ പൊതുവായ അവബോധം സൃഷ്‌ടിക്കുകയും ചെയ്യണമെന്നും ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. പൗരകേന്ദ്രീകൃത സേവനങ്ങൾ എന്ന വിഷയം സംബന്ധിച്ച് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തിയ പബ്ലിക് ഹിയറിംഗ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ നേരിടുന്ന പോരായ്മകളെയും പരിഹാര നടപടികളെയും കുറിച്ചാണ് കമ്മിഷൻ ഇപ്പോൾ പഠനം നടത്തുന്നതെന്നും വി.എസ് വിശദീകരിച്ചു. സർക്കാർ വകുപ്പുകളെയും ഓഫീസുകളുടെ പ്രവർത്തനത്തെയും കുറിച്ച് പൊതുജനങ്ങളിൽ നിന്ന് വി.എസ് നേരിട്ട് പരാതികൾ സ്വീകരിച്ചു. സർക്കാർ ആനുകൂല്യങ്ങൾക്ക് സർട്ടിഫിക്കറ്റ് നേടാൻ ഇലക്‌ഷൻ ഐ.ഡി കാർഡോ ആധാർ രേഖയോ മാനദണ്ഡമാക്കണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ ആവശ്യപ്പെട്ടു. തെരുവുനായ വന്ധ്യംകരണ പദ്ധതി പ്രായോഗികമല്ലെന്നും ശാശ്വത പരിഹാരത്തിന് പുതിയ പദ്ധതി നടപ്പാക്കണമെന്നും കോൺഗ്രസ് നേതാവും നഗരസഭ പ്രതിപക്ഷ നേതാവുമായ ടി. അർജുനൻ ആവശ്യപ്പെട്ടു. നഗരസഭയിലെ പറമുട്ടം വാർഡിൽപ്പെട്ട നാരകത്തിൻവിള, പേരുമല, നരകത്തിൻ പൊയ്ക എന്നിവിടങ്ങളിൽ ഒരു നൂറ്റാണ്ടിലേറെയായി പുറമ്പോക്ക് ഭൂമിയിൽ അധിവസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാത്തത് ഉദ്യോഗസ്ഥ അനാസ്ഥയാണെന്നും ചുവപ്പുനാടയിൽ കുരുങ്ങിയ പട്ടയ വിതരണം യാഥാർത്ഥ്യമാക്കാൻ കമ്മിഷൻ ഇടപെടണമെന്നും നഗരസഭ കൗൺസിലർ ഹസീന ആവശ്യപ്പെട്ടു. അഡ്വ. ഡി.കെ. മുരളി എം.എൽ.എ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ തുടങ്ങിയവരും സംസാരിച്ചു. മെമ്പർ സെക്രട്ടറി ഷീലാ തോമസ്, സി.പി. നായർ,അഡിഷണൽ ജില്ലാ മജിസ്ട്രേട്ട് വി.ആർ. വിനോദ്, നെടുമങ്ങാട് ആർ.ഡി.ഒ ടി.കെ. വിനീത്, തഹസിൽദാർ എം.കെ. അനിൽകുമാർ എന്നിവർ ഹിയറിംഗിൽ പങ്കെടുത്തു. അമ്പതിലേറെ പേർ വി.എസ്. അച്യുതാനന്ദനു മുന്നിൽ വിഷയങ്ങൾ അവതരിപ്പിച്ചു. ഇരുനൂറോളം പേർ പരാതി എഴുതി നൽകി.