മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പിറയിൽ കോവിൽക്കടവിനെ കുലശേഖരവുമായി ബന്ധിപ്പിക്കാൻ കരമന ആറിന് കുറുകെ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ സർക്കാർ ഉടൻ പാലം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകുകയും കോവിൽക്കടവിലും മറുകരയിലും സ്ഥലങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. അധികൃതർ തുടർനടപടികൾ സ്വീകരിക്കാത്തതിനാൽ നാട്ടുകാരുടെ സ്വപ്നവും അനന്തമായി നീളുകയാണ്. കോവിൽകടവിലെ കടത്തുകാരൻ രാജൻ ഏഴു വർഷം മുൻപ് സ്വന്തം നിലയ്ക്ക് വാങ്ങിയ വള്ളമാണ് കടത്തിന് ഉപയോഗിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ അറുപതിലധികം ആളുകളെയാണ് മറുകര കടത്തുന്നത്. പഞ്ചായത്ത് മാസം 9000 രൂപയാണ് രാജന് നൽകുന്നത്. വള്ളത്തിന്റെ അറ്റകുറ്റപണിയോ, സുരക്ഷയോ എന്നാൽ പഞ്ചായത്ത് ശ്രദ്ധിക്കാറില്ല.
ചുഴിയും മരണക്കയങ്ങളും അടിയൊഴുക്കുമുള്ള ആറിലൂടെ നാട്ടുകാർ യാത്ര ചെയ്യുന്നത് ജീവൻ പണയപ്പെടുത്തിയാണ്.കരിപ്പട്ടിയും സിമന്റും ചേർത്ത മിശ്രിതം കൊണ്ടാണ് വള്ളത്തിലെ സുഷിരങ്ങൾ അടക്കുന്നത്. പൊട്ടിപൊളിഞ്ഞ വശങ്ങൾ കയറുകൊണ്ട് കെട്ടിയിട്ടുമുണ്ട്. എന്നിട്ടും ഇറിഗേഷൻ വകുപ്പ് വർഷം തോറും ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകുന്നുമുണ്ട്. പുതിയ വള്ളം വാങ്ങി നൽകാൻ കടത്തുകാരൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും യാതൊരുഫലവുമുണ്ടായിട്ടില്ല.വൻദുരന്തം ഒഴിവാക്കുന്നതിന് അടിയന്തിരമായി പുതിയ വള്ളം വാങ്ങുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.