തിരുവനന്തപുരം: ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 24 പേർ എച്ച്1 എൻ1 ബാധിച്ച് മരിച്ചു. എച്ച്1 എൻ1 ബാധിച്ച് ഈ മാസം മാത്രം മരിച്ചത് 9 പേരാണ്. മൂന്നു പേർ രോഗലക്ഷണങ്ങളോടെയാണ് മരിച്ചത്. 175 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഫലപ്രദമായ ചികിത്സ ലക്ഷ്യമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ രോഗിയുടെയും അവസ്ഥ മനസിലാക്കി ചികിത്സയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

പനി, ജലദോഷം, ചുമ, വിറയൽ, ശരീരവേദന തുടങ്ങിയവയാണ് എച്ച്1 എൻ 1 പനിയുടെ ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ച അവസ്ഥയിൽ ശ്വാസതടസവും ഉണ്ടാകാം. സാധാരണ പനി മൂന്നു ദിവസം നീണ്ടു നിൽക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കണം. രോഗം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അന്യസംസ്ഥാനത്ത് നിന്ന് തീർത്ഥാടകർ എത്തുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഗർഭിണികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പുറമേ ഹൃദയം, വൃക്ക, ശ്വാസകോശം, കരൾ എന്നിവ തകരാറിലായവർക്കും പ്രമേഹം, കാൻസർ, എയ്ഡ്സ് തുടങ്ങിയവ ബാധിച്ചവർക്കും ചികിത്സ നൽകാൻ ഒട്ടും വൈകരുത്. ഇവർക്ക് എച്ച്1എൻ1 പരിശോധന നടത്തുംമുൻപ് തന്നെ അതിന്റെ മരുന്ന് നൽകാമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

 ഇവ ശ്രദ്ധിക്കുക
രോഗികൾ പരിപൂർണ വിശ്രമം എടുക്കുക.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.
പനിയുള്ളവർ വീട്ടിൽ വിശ്രമിക്കുക. ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക
കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് രോഗം പകരാനുള്ള സാദ്ധ്യത കുറയ്ക്കും.
ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്നു കഴിക്കുക.