തിരുവനന്തപുരം: ശബരിമലയിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് പൊലീസുദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പമ്പയിൽ നല്ലൊരു ഭാഗം പ്രളയത്തിൽ തകർന്നതിനാൽ വാഹനപാർക്കിംഗിന് തടസമുണ്ട്. കേന്ദ്രമന്ത്രിമാരെ പോലുള്ള വി.വി.ഐ.പികൾക്ക് സൗകര്യമൊരുക്കണം. അവരെ കടത്തിവിടുമ്പോഴും മറ്റുള്ള വാഹനങ്ങൾ നിലയ്ക്കലിൽ തങ്ങാനാണ് നിർദ്ദേശിക്കുന്നത്.
കേന്ദ്രമന്ത്രി വന്നപ്പോൾ കൂടെയുള്ളവരുടെ വാഹനങ്ങൾ കടത്തിവിടുന്നതിലെ ബുദ്ധിമുട്ടറിയിച്ചു. കേന്ദ്രമന്ത്രി പൊലീസുദ്യോഗസ്ഥരോട് സംസാരിച്ചു. ഉദ്യോഗസ്ഥർ മറുപടി നൽകി. അത് ഉചിതമായ രീതിയിൽ തന്നെയാണ്. കൃത്യമായി ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിർവീര്യമാക്കാനുള്ള ഗൂഢപദ്ധതിയാണ് സംഘപരിവാർ നടത്തുന്നത്. പൊലീസുദ്യോഗസ്ഥരുടെ ജാതിയും മതവും നോക്കി വർഗീയപ്രചാരണം നടത്തുന്നു. ചില ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഭാര്യാ വീടിനു മുന്നിൽ വരെ പ്രകടനം നടത്തി.
ശബരിമലയിലെ പൊലീസ് ഇടപെടൽ ശരിയായ ദിശയിലാണെണ് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിൽ ശബരിമലയിൽ സർക്കാർ സ്വീകരിച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. യഥാർത്ഥ ഭക്തരെ തടസപ്പെടുത്താതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹൈക്കോടതിയുടെ 14 പേജുള്ള ഉത്തരവിൽ ഒരു പൊലീസുദ്യോഗസ്ഥനെയും പരാമർശിക്കുന്നില്ല.
ശരണം വിളി തടഞ്ഞില്ല
ഭക്തർക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല. നവംബർ 22ലെ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ടിന്റെ ഉത്തരവിൽ ഇത് വ്യക്തമാക്കുന്നുണ്ട്. യഥാർത്ഥ ഭക്തരെ കലാപകാരികളിൽ നിന്ന് സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത്.
വിശ്വാസത്തിന്റെ ഭാഗമായുള്ള നിലപാടാണ് എൻ.എസ്.എസിന്റേത്. ഒരു ഘട്ടത്തിൽ അതിന്റെ ജനറൽസെക്രട്ടറി തന്നെ വിളിച്ചിരുന്നു. സർക്കാർനിലപാട് അന്ന് അദ്ദേഹത്തോട് വ്യക്തമാക്കുകയും ചെയ്തു.
രണ്ട് ദിവസം പ്രത്യേകമായി യുവതികളെ ശബരിമലയിൽ കയറ്റുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്തു ഹൈക്കോടതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.