തിരുവനന്തപുരം: ചാല പൈതൃക ടൂറിസം പദ്ധതി നിർമ്മാണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിർമ്മാണം വേഗത്തിലാക്കാൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. ഇക്കഴിഞ്ഞ 22ന് സിറ്റി കൗമുദിയിൽ പൈതൃക തെരുവ് പദ്ധതി നിർമ്മാണം തുടങ്ങാത്തതു സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തര യോഗം വിളിച്ചു കൂട്ടാൻ മന്ത്രി മുൻകൈ എടുത്തത്. മലക്കറി -മത്സ്യ-മാംസ ചന്ത നവീകരണവുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ എല്ലാവിധ ആശങ്കകളും ദൂരീകരിക്കുന്നതിനായി പദ്ധതിയുടെ രൂപരേഖ കച്ചവടക്കാർക്ക് മുന്നിൽ അവതരിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് ചാലയിലെ കോർപറേഷന്റെ അധീനതയിലുള്ള ഹാളിൽ പദ്ധതിയുടെ ആർക്കിടെക്ട് ജി. ശങ്കർ കച്ചവടക്കാർക്കായി പ്രസന്റേഷൻ നടത്തും. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ മലക്കറി- മത്സ്യ - മാംസ വ്യാപാരികളുടെ കടകൾ സമയബന്ധിതമായി പുതുക്കി പണിയും. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചാല കൗൺസിലർ കൺവീനറായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി സമൂഹം, ചാല പൗരസമിതി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. നിർമ്മാണം പൂർത്തിയാകുംവരെ ഈ കമ്മിറ്റി കച്ചവടം നടത്തുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി പദ്ധതി പൂർത്തീകരണം സുഗമമാക്കാൻ തിരുവനന്തപുരം ജില്ലാകളക്ടർ കോ-ഓർഡിനേറ്ററായി തിരുവനന്തപുരം കോർപറേഷൻ, ട്രിഡ, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, സ്മാർട്ട് സിറ്റി, പി.ഡബ്ലിയു.ഡി, ടൂറിസം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംവിധാനം രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ചാലയിലെ അമിനിസെന്റർ കോർപറേഷന്റെ സഹായത്തോടെ പുതുക്കി പണിയാനും തീരുമാനിച്ചു. സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ, ചാല വാർഡ് കൗൺസിലർ രമേഷ്, കോർപറേഷൻ, ട്രിഡ, ഹാബിറ്റാറ്റ്, സ്മാർട്ട് സിറ്റി, കെ.എസ്.ഇ.ബി, ജില്ലാ ഭരണകൂടം, വാട്ടർ അതോറിട്ടി, ടൂറിസം തുടങ്ങിയ വകുപ്പുകളെ പ്രതിനിധികരീച്ച് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.