ചോദിച്ചത് 5616 കോടി, തന്നത് 600 കോടി
തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമ്മാണത്തിന് സഹായം നൽകുന്നതിൽ ഗുരുതരമായ അലംഭാവമാണ് കേന്ദ്രസർക്കാർ കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
യു.എ.ഇ പോലെയുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനാവില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. അതുകാരണം വലിയ തുക നഷ്ടമായി. ആദ്യമുണ്ടായ മഴയിൽ 820 കോടിയുടെയും പിന്നീടുണ്ടായ മഹാപ്രളയത്തിൽ 4796 കോടിയുടെയും അടക്കം 5616 കോടിയാണ് കേന്ദ്രത്തോട് ചോദിച്ചത്. പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടു. കേന്ദ്രം നല്കിയത് 600 കോടിയും.
ലോകബാങ്കും ഐക്യരാഷ്ട്രസഭയും മറ്റും നടത്തിയ പഠനത്തിൽ 31,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനം ആവശ്യപ്പെട്ട പണം മാനദണ്ഡപ്രകാരം കേന്ദ്രം അനുവദിച്ചാലും 26,000 കോടി വേറെ കണ്ടെത്തണം.
പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും താങ്ങുവില നൽകേണ്ട സ്ഥിതിയാണ്. അങ്ങനെയായാൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച തുക ഇനിയും കുറയും.
കർണാടകത്തിൽ ഒരു ജില്ലയിലുണ്ടായ പ്രളയനഷ്ടത്തിന് 546 കോടിയും ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോൾ 2300 കോടിയും 2015 ൽ ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ 940 കോടിയും കേന്ദ്രം നല്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2018 ജൂലായ് മുതൽ നവംബർ 21 വരെ 2683.18 കോടിയാണ് ലഭിച്ചത്. മന്ത്രിസഭാ തീരുമാനപ്രകാരം നൽകേണ്ടതും തകർന്ന വീടുകൾ പുതുക്കിപ്പണിയുന്നതിനുള്ള തുകയും അടക്കം ഇപ്പോഴത്തെ ചെലവുകൾ നിറവേറ്റിയാൽ 783 കോടി മാത്രമാണ് അവശേഷിക്കുക.