തിരുവനന്തപുരം:പിണറായി വിജയൻ സർക്കാരിൽ ഘടകകക്ഷിയായ ജനതാദൾ - എസിന്റെ പ്രതിനിധി മാത്യു.ടി. തോമസിനോട് മന്ത്രിപദമൊഴിയാൻ പാർട്ടി ദേശീയ നേതൃത്വം ഇന്നലെ നിർദ്ദേശിച്ചു. ചിറ്റൂർ എം.എൽ.എയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണൻ കുട്ടി പകരം മന്ത്രിയാകുമെന്ന് ദേശീയ ജനറൽസെക്രട്ടറി ഡാനിഷ് അലി ബംഗളുരുവിൽ പറഞ്ഞു.
കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച തിരിച്ചെത്തിയ ശേഷം മാത്യു.ടി.തോമസ് രാജിക്കത്ത് സമർപ്പിക്കും. നിയമസഭാസമ്മേളനം ചൊവ്വാഴ്ച തുടങ്ങുന്നതിനാൽ പുതിയ മന്ത്രി ഉടൻ സത്യപ്രതിജ്ഞ ചെയ്‌തേക്കും
മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ.ഡി.എസിൽ ഏറെക്കാലമായി പുകയുന്ന തർക്കം രൂക്ഷമായതോടെ കഴിഞ്ഞദിവസം പാർട്ടിയുടെ മൂന്ന് എം.എൽ.എമാരെയും ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ബംഗളുരുവിലേക്ക് വിളിപ്പിച്ചിരുന്നു.മന്ത്രി മാത്യു.ടി.തോമസ് പോയില്ല. കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ദേവഗൗഡയുമായി നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. ഡാനിഷ് അലിയും പങ്കെടുത്തു.
ജലവിഭവ മന്ത്രിയായ മാത്യു.ടി.തോമസിനെ മാറ്റാനും കൃഷ്ണൻകുട്ടിയെ പകരം മന്ത്രിയാക്കാനുമുള്ള തീരുമാനം അറിയിച്ച് എൽ.ഡി.എഫ് നേതൃത്വത്തിന് ഇന്ന് സംസ്ഥാന നേതൃത്വം കത്ത് നൽകും. കൃഷ്ണൻകുട്ടിയും നാണുവും ഇന്ന് കോഴിക്കോട്ട് എത്തിയശേഷമാകും ഇത്.
2016ൽ ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ രണ്ടര വർഷത്തിന് ശേഷം ദളിന്റെ മന്ത്രിപദം പങ്കിടാൻ ധാരണയുണ്ടായിരുന്നെന്നാണ് ഡാനിഷ് അലി അറിയിച്ചത്. പരസ്യമായി പ്രതിഷേധിക്കരുതെന്ന് മാത്യു ടി.തോമസിനോട് നേതൃത്വം അഭ്യർത്ഥിച്ചു. തീരുമാനം അറിയിക്കാൻ ഇന്നലെ ഡാനിഷ് അലി മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോൾ അദ്ദേഹം ഇല്ലായിരുന്നു. തുടർന്ന് മന്ത്രി അങ്ങോട്ട് ബന്ധപ്പെട്ടപ്പോഴാണ് തീരുമാനമറിയിച്ചത്. ഇടതു മുന്നണി കൺവീനറേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഫോണിൽ തീരുമാനം അറിയിച്ചു. മാത്യു ടി.തോമസ് എതിർപ്പില്ലാതെ തീരുമാനം അംഗീകരിച്ചെന്നും മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ഒരാളാണ് അദ്ദേഹമെന്നും ഡാനിഷ് അലി പറഞ്ഞു.
കഴിഞ്ഞതവണയും ദേശീയനേതൃത്വം ക്ഷണിച്ചപ്പോൾ മാത്യു.ടി.തോമസ് ബംഗളുരുവിലേക്ക് പോയിരുന്നില്ല. മന്ത്രിവസതിയിലെ മുൻജീവനക്കാരിയെ കരുവാക്കി തന്നെ വ്യക്തിഹത്യ നടത്തിയത് മറുചേരിയാണെന്ന ആക്ഷേപിക്കുന്ന അദ്ദേഹം കടുത്ത അമർഷത്തിലാണ്. അവരോടൊപ്പം വേദി പങ്കിടില്ലെന്ന നിലപാടിലാണ് ബംഗലുരു യോഗം ബഹിഷ്‌കരിച്ചത്. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിയാൻ ധാരണയുണ്ടായിരുന്നെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. മാത്യു.ടി.തോമസ് അത് നിഷേധിക്കുന്നു.
നേരത്തേ കൃഷ്ണൻകുട്ടി എം.എൽ.എ ആയപ്പോഴെല്ലാം പ്രതിപക്ഷത്തായിരുന്നതിനാൽ മന്ത്രിയാകാൻ അവസരം ലഭിച്ചില്ല. അതും പരിഗണിച്ചെന്ന് ദേശീയനേതൃത്വം പറയുന്നു. ''മന്ത്രിപദവിയിൽ കടിച്ചുതൂങ്ങാനോ പാർട്ടിയെ പിളർത്താനോ ഇല്ല''.
--മാത്യു ടി.തോമസ്
''കർഷകരുടേയും സാധാരണക്കാരുടെയും പ്രശ്‌നങ്ങൾക്കു മുൻഗണന നൽകും. രാഷ്ട്രീയ ഭിന്നതകൾ പരിഹരിച്ച് മുന്നോട്ടു പോകും. മാത്യു ടി.തോമസിനെ അധിക്ഷേപിച്ചിട്ടില്ല. അദ്ദേഹവുമായി രാഷ്‌ട്രീയ ഭിന്നതകൾ ഉണ്ടെങ്കിലും വ്യക്തിപരമായി അകൽച്ചയില്ല. അദ്ദേഹത്തിന്റെ ഉപദേശം തേടും''
കെ. കൃഷ്ണൻകുട്ടി
പിണറായി സംഘത്തിലെ നാലാമത്തെ രാജി
തിളക്കമാർന്ന ഭൂരിപക്ഷത്തോടെ അധികാരമേറിയ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നുള്ള നാലാമത്തെ രാജിയാണ് മാത്യു.ടി.തോമസിന്റേത്.
മൂന്ന് രാജികളും ആരോപണങ്ങളുടെ പേരിലായിരുന്നെങ്കിൽ മാത്യു.ടി. തോമസിന്റേത് ഉൾപ്പാർട്ടി തർക്കം കാരണമാണ്. മന്ത്രിസഭ അഞ്ച് മാസം തികയ്‌ക്കും മുമ്പാണ് ബന്ധുനിയമന ആരോപണത്തിൽ കുടുങ്ങി വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ രാജി വച്ചത്. പത്ത് മാസം പിന്നിട്ടപ്പോൾ ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ പെൺകെണിക്കേസിൽ കുരുങ്ങി രാജി വച്ചു. പിന്നാലെ എൻ.സി.പിയുടെ മന്ത്രി തോമസ് ചാണ്ടിക്ക് ഭൂമിവിവാദത്തിൽ മന്ത്രിസഭ വിടേണ്ടി വന്നു. കുറ്റവിമുക്തരായ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും പിന്നീട് മന്ത്രിസഭയിൽ മടങ്ങിയെത്തി.