തിരുവനന്തപുരം: ലാളിത്യത്തിന്റെയും അഴിമതിവിരുദ്ധ പ്രതിച്ഛായയുടെയും ആൾരൂപമായി പിണറായി മന്ത്രിസഭയിൽ നിലകൊണ്ട മന്ത്രി മാത്യു.ടി. തോമസ് പടിയിറങ്ങുന്നത് നദീപുനരുജ്ജീവനത്തിൽ നിർണായക ഇടപെടൽ നടത്തിയെന്ന ചാരിതാർത്ഥ്യത്തോടെയാണ്.

വരട്ടാർ നദി വീണ്ടെടുക്കൽ യജ്ഞം പിണറായി സർക്കാരിന്റെ ജലസംരക്ഷണ പ്രവർത്തനത്തിലെ മികച്ച കാൽവയ്പാണ്. ഇതിൽ ജലവിഭവ വകുപ്പിന്റേതായിരുന്നു ഗണ്യമായ പങ്ക്. വരട്ടാറിന്റെ ചുവട് പിടിച്ച് മറ്റ് ചില നദികളുടെയും സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ സർക്കാർ ഏറ്റെടുത്തു. ഇതിലെല്ലാം ജലവിഭവ വകുപ്പ് മന്ത്രി എന്ന നിലയിൽ മാത്യു.ടി. തോമസ് നേരിട്ട് ഇടപെട്ടു. കഴിഞ്ഞ വരൾച്ചയിൽ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളക്ഷാമം ഉണ്ടായപ്പോൾ നെയ്യാറിൽ നിന്ന് ജലമെത്തിച്ച മാത്യു.ടി. തോമസിനെ മുഖ്യമന്ത്രി ഉൾപ്പെടെ പ്രശംസിച്ചിരുന്നു.

പമ്പാ നദിയുടെ സംരക്ഷണത്തിനായി പമ്പാ ആക്‌ഷൻ പ്ലാൻ രണ്ടാം ഘട്ടത്തിന്റെ പദ്ധതിരേഖ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾക്ക്
തുടക്കം കുറിച്ചതും അദ്ദേഹമാണ്. ഫയൽ അദാലത്തുകളിലൂടെ 30 വർഷമായി കെട്ടിക്കിടന്ന ഫയലുകളിൽ വരെ
തീർപ്പു കൽപ്പിച്ചു. പി.എസ്. സി ശുപാർശ ചെയ്ത 72 അസിസ്റ്റന്റ് എൻജിനിയർമാരിൽ നിന്ന് ജല അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി ഓപ്ഷൻ സ്വീകരിച്ചു നിയമനം നടത്തി. മാൻഹോൾ വൃത്തിയാക്കാനുള്ള റോബോട്ട് പരീക്ഷണത്തിനുള്ള സ്റ്റാർട്ടപ് സംരംഭത്തെ പ്രോത്സാഹിപ്പിച്ചതും കുപ്പിവെള്ള പദ്ധതി യാഥാർത്ഥ്യത്തോടടുപ്പിച്ചതും മാത്യു.ടി. തോമസിന്റെ സംഭാവനയാണ്. ശബരിമലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനും ആത്മാർത്ഥമായി ഇടപെട്ടാണ് അദ്ദേഹം മടങ്ങുന്നത്.