സംസ്ഥാനത്തെ ഏറ്രവും വലിയ ഹാഷിഷ് വേട്ട
തിരുവനന്തപുരം: മുപ്പത് കിലോ ഹാഷിഷുമായി എത്തിയ ഇടുക്കി സ്വദേശിയായ യുവാവിനെ നർക്കോട്ടിക്ക് സെല്ലിന്റെ സഹായത്തോടെ പേട്ട പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയിൽ കൂനംമാക്കൽ അജിയാണ് (35) പേട്ട റയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്. പിടിച്ചെടുത്ത ഹാഷിഷിന് 10 കോടിയോളം രൂപ വിലമതിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.പ്രകാശ് പറഞ്ഞു. കഴിഞ്ഞ മാസം സിറ്റി പോലീസ് പിടികൂടിയ 10 കിലോ ഹാഷിഷ് ഓയിലിന്റെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് അജി കുടുങ്ങിയത്. കേരളത്തിൽ ഹാഷിഷ് ഓയിൽ എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രത്തോളം ഹാഷിഷ് പിടികൂടുന്നത്.
ആന്ധ്രപ്രദേശിലെ ശീലേരുവിൽ നിന്നാണ് ഇയാൾ സംസ്ഥാനത്തേക്ക് ഹാഷിഷ് ഓയിൽ കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു ഇയാൾക്കെതിരെ കഞ്ചാവ് കേസുകൾ നിലവിലുണ്ട്. അജി ട്രെയിൻ മാർഗമാണ് ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്നത്. പാലക്കാട് ഇവ എത്തിച്ച് രഹസ്യ സങ്കേതത്തിലേയ്ക്ക് മാറ്റും. പിന്നീട് ഇടനിലക്കാരെ വിളിച്ച് വില്പന നടത്തുകയാണ് പതിവ്. വിദേശത്തേയ്ക്കും ഇവ കടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നർക്കോട്ടിക് സെൽ അസി.കമ്മീഷണർ ഷീൻ തറയിൽ, പേട്ട എസ്.ഐ. സജുകുമാർ, എസ്.ഐമാരായ പ്രതാപചന്ദ്രൻ, വിനോദ് വിക്രമാദിത്യൻ നർക്കോട്ടിക് സെല്ലിലെ എ.എസ്.ഐ അശോകൻ, സേവ്യർ, സന്തോഷ്, ബാബു എന്നിവർ ചേർന്നാണ് അജിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.