തിരുവനന്തപുരം: ജനതാദൾ(എസ് )നേതാവും ചിറ്രൂർ എം.എൽ. എയുമായ കെ.കൃഷ്ണൻകുട്ടി അടുത്തയാഴ്ച തന്നെ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ പാർട്ടിയോഗത്തിന് ശേഷം കോഴിക്കോട്ടെത്തിയ കെ.കൃഷ്ണൻകുട്ടിയും സി.കെ.നാണുവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഒൗദ്യോഗിക പരിപാടികൾക്കായി കോഴിക്കോട്ടാണ് മുഖ്യമന്ത്രിയുമുള്ളത്.
മന്ത്രിസഭയിലേക്കുള്ള ജനതാദൾ പ്രതിനിധിയായി കെ.കൃഷ്ണൻകുട്ടിയെ തീരുമാനിച്ചുകൊണ്ടുള്ള ജനതാദൾ ദേശീയ അദ്ധ്യക്ഷൻ എച്ച്. ഡി.ദേവഗൗഡയുടെ കത്ത് നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകി. അതേ സമയം ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി.തോമസ് തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെകണ്ട് രാജി സമർപ്പിക്കും.
കെ.കൃഷ്ണൻകുട്ടി എന്ന് സത്യപ്രതിജ്ഞചെയ്യണം എന്ന കാര്യം ഇടതുമുന്നണിയോഗത്തിലാണ് തീരുമാനിക്കുക. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം നാളെ കാസർകോട് എത്തുന്നുണ്ട്. അനൗപചാരിക കൂടിയാലോചനകൾക്കുള്ള വേദിയായി കാസർകോട് മാറും. തിങ്കളാഴ്ച മാത്യു.ടി.തോമസ് രാജിവച്ചാലുടൻ ചൊവ്വാഴ്ച തന്നെ കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്‌ഞ നടന്നുകൂടായ്കയില്ല.ഇടതുമുന്നണി യോഗം തിങ്കളാഴ്ച തന്നെ കൂടാനിടയുണ്ട്.
മാത്യു.ടി.തോമസ് മന്ത്രിയായി രണ്ടര വർഷം കഴിഞ്ഞശേഷം സ്ഥാനം കൃഷ്ണൻകുട്ടിക്ക് ഒഴിഞ്ഞുകൊടുക്കാമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തോടടുപ്പമുള്ള കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം മാത്യു. ടി.തോമസ് നിഷേധിക്കുന്നു. മാത്യു.ടി തോമസിനെ ഒരു മാസത്തിനകം മാറ്രി കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കുമെന്ന് ഒക്ടോബർ 23ന് കേരള കൗമുദി ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു.