കിളിമാനൂർ: കിളിമാനൂർ നിവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമായി പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു. കിളിമാനൂർ ബ്ലോക്കിന്റെ പരിധിയിലെ വിവിധ പഞ്ചായത്തുകളുടെ സ്വപ്ന പദ്ധതിയായ കാനാറ പൊതുശ്മശാനമാണ് ഡിസംബർ 7 ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നത്. ജനസംഖ്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബ്ലോക്ക് തലത്തിൽ ഒരു ശ്മശാനമെങ്കിലും സ്ഥാപിക്കണമെന്ന സർക്കാർ നയം പദ്ധതിക്ക് കൂടുതൽ പ്രസക്തി നൽകുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വാർഷിക പദ്ധതിയിൽ നഗരൂർ, കരവാരം, പഴയകുന്നുമ്മൽ, മടവൂർ, പള്ളിക്കൽ, പുളിമാത്ത്, കിളിമാനൂർ എന്നീ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതയുമായി നാവായികുളം പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവർ സഹകരിച്ചില്ല. 'സമത്വ തീരം' എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതി ശാന്തികവാടം കഴിഞ്ഞാൽ ഗ്യാസിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഏക ശ്മശാനമാകും. ചുവർ ചിത്രങ്ങളും പൂന്തോട്ടവുമൊക്കെയായി പരമ്പരാഗത ശ്മശാനങ്ങളിൽ നിന്നു വ്യത്യസ്തമായാണ് നിർമ്മാണം. നിർദ്ധന കുടുംബങ്ങളിലെ അംഗങ്ങൾ മരിക്കുമ്പോൾ സ്ഥലപരിമിതി മൂലം വീടിനുള്ളിലും അന്യരുടെ പുരയിടങ്ങളിലും സംസ്കരിക്കേണ്ട ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി ഉൾപ്പെടയുള്ള മാദ്ധ്യമങ്ങൾ ശ്മശാനത്തിന്റെ ആവശ്യകതയെക്കുറിച്ച് വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് പദ്ധതി നടപ്പിലാക്കിയത്. കിളിമാനൂർ ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകൾക്കും നിലമേൽ, കുമ്മിൾ, കടയ്ക്കൽ, കല്ലറ, പാങ്ങോട് പഞ്ചായത്തുകൾക്കും ഈ ശ്മശാനത്തിലൂടെപ്രയോജനം ലഭിക്കും