kadakampally-and-k-murale

തിരുവനന്തപുരം: ഹർത്താലുകളിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് കെ. മുരളീധരൻ എം.എൽ.എ. ചില പ്രത്യേക ദിവസങ്ങൾ തിരഞ്ഞെടുത്ത് ഹർത്താൽ നടത്തുന്നവരുടെ മനസ് മാറാൻ പ്രാർത്ഥിക്കാമെന്ന് അതിനെ അനുകൂലിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള യൂണിറ്റുകൾക്ക്‌ സർട്ടിഫിക്കറ്റ് വിതരണം നടന്ന വേദിയിലായിരുന്നു പരാമർശം.

ഹർത്താൽ പലപ്പോഴും ടൂറിസത്തിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്പിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളന സമയത്ത് ഹർത്താൽ നിയന്ത്രണ ബിൽ കൊണ്ടുവന്നിരുന്നു. അത് സെലക്ട് കമ്മിറ്റിക്ക് വിട്ട് തെളിവെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ,​ അപ്പോഴേക്കും ആ സർക്കാരിന്റെ കാലാവധി തീർന്നു. താൻ കൊണ്ടുവന്ന ആ ഭേദഗതിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന്‌ മുരളീധരൻ പറഞ്ഞു.
മുമ്പ് ഹർത്താലുകളിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കിയിരുന്നു. അത് വലിയൊരു സാംസ്കാരിക മാറ്റമായിരുന്നു. എന്നാൽ,​ ശബരിമലയുടെ പേരിൽ അടുത്തിടെ നടത്തിയ ഹർത്താലിൽ നിന്ന് ശബരിമലയെയോ ഭക്തരെയോ ഒഴിവാക്കിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിഷു,​ പൂജവയ്പ്,​ തുലാമാസം ഒന്ന്,​ വൃശ്ചികം ഒന്ന് ഇങ്ങനെയുള്ള വിശേഷ ദിവസങ്ങളാണ് ഇക്കൂട്ടർ ഹർത്താലിനായി തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.