കല്ലറ: നിർമ്മാണം പൂർത്തായാകും മുൻപ് തകർന്ന കല്ലറ - ഭരതന്നൂർ റോഡിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. കിലോമീറ്ററിന് ഒന്നരക്കോടിയോളം രൂപ ചെലവിൽ അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന കല്ലറ - ഭരതന്നൂർ റോഡ് നിർമ്മാണം പൂർത്തിയാകും മുമ്പ് പൊട്ടിപ്പൊളിഞ്ഞതു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 'പണി'യായി കല്ലറ - ഭരതന്നൂർ റോഡ്" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. ടാർ പൊളിഞ്ഞിളകിയ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി.
നവീകരിച്ച റോഡിൽ തച്ചോണം, പുലിപ്പാറ ഭാഗങ്ങളിൽ രണ്ട് വർഷം മുമ്പ് രണ്ടു കോടി രൂപ മുടക്കി ടാറിംഗ് നടത്തിയിരുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാതഗത യോഗ്യമല്ലാതായപ്പോൾ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ വൻ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. അഞ്ചു കിലോമീറ്ററിന് 7 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമ്മിച്ചത്. പുലിപ്പാറ മുസ്‌ലിം പള്ളിക്കു സമീപം, പാങ്ങോട്, അയിരൂർ എന്നിവിടങ്ങളിലാണ് റോഡ് പൊട്ടിയിളകാൻ തുടങ്ങിയത്. പഴയ ടാറിംഗിനു മേൽ പ്രാഥമിക ജോലികളൊന്നും ചെയ്യാതെ ടാർ മിശ്രിതം മാത്രം ഒഴിച്ച് ജോലി ചെയ്യിപ്പിച്ചതാണ് റോഡ് പൊട്ടിപ്പൊളിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇതേ സമയം പൊളിഞ്ഞ സ്ഥലങ്ങളിൽ ഇപ്പോൾ നടത്തുന്ന അറ്റകുറ്റ പണികൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യയാണെന്നും റോഡ് നിർമ്മാണത്തിലുണ്ടായ അപാകതകൾ പൂർണമായും പരിഹിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകുമെന്നും ജനകീയ സമരസമിതി കൺവീനർ ബെന്നി അബിലാഷ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.