ബഹുമാന്യനായ ഒരു സന്ദർശകൻ. സ്വയം പരിചയപ്പെടുത്തി: ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ളീഷ് പ്രൊഫസറായിരുന്നു. റിട്ടയർ ചെയ്തു. ക്രിസ്തീയ പുരോഹിതനുമാണ്. അദ്ദേഹം ചോദിച്ചു,
''ഇവിടെ നാരായണഗുരുകുലത്തിൽ എന്തെല്ലാം നടക്കുന്നുണ്ട്?""
''പഠിക്കുക, പഠിപ്പിക്കുക, അറിയുക, അറിയിക്കുക, ഇത്രമാത്രം. ഈ പഠനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങൾ എഴുതിവച്ചു പ്രസിദ്ധീകരിക്കുന്നുണ്ട്. അങ്ങനെ ഒരു പ്രസിദ്ധീകരണവിഭാഗവുമുണ്ടായി" .
''ഇക്കാലത്ത് അറിവു വേണ്ട, ആചാരം മതി എന്ന നിലയിൽ ആയിട്ടുണ്ട് കാര്യങ്ങൾ. ഇത് എവിടെയും കാണുന്നു. ഞാൻ ഉൾക്കൊള്ളുന്ന ക്രിസ്തീയ സമൂഹത്തിൽ ഉൾപ്പെടെ. ആളുകൾ ആചാരങ്ങൾ കൊണ്ടു തൃപ്തിപ്പെടുന്നു. ഈ ആചാരങ്ങളുടെ അർത്ഥമെന്ത്? അതൊക്കെ എന്തിനു ചെയ്യുന്നു? ഇതൊന്നും ആരും അറിയുന്നില്ല, അന്വേഷിക്കുന്നുമില്ല.""
''നമ്മൾ ഇക്കാര്യത്തിൽ നിസഹായരാണെന്നു തോന്നുന്നു. അറിവു വേണം എന്നാഗ്രഹിക്കുന്നവരെ മാത്രമേ അറിവുണ്ടാകുന്നതിൽ സഹായിക്കാനാവൂ. വേണ്ടാത്തവരുടെ മുമ്പിൽ വിളമ്പത്തക്ക വിഭവമല്ല അറിവ്."
''ആരും കൈയാളാൻ ആഗ്രഹിച്ചില്ലെങ്കിലും നഷ്ടമായിപ്പോകാത്ത ഒരു ആദ്ധ്യാത്മിക സംസ്കാരം ഭാരതത്തിനുണ്ട്. അതിനെ വളരാൻ ജനങ്ങൾ അനുവദിച്ചില്ലെങ്കിൽ കൂടി അതിന്റെ വേരറ്റു പോവുകയില്ല.""
''അതു ശരിയാണ്. പക്ഷേ സംസ്കാരവും ആദ്ധ്യാത്മികതയും തമ്മിൽ വലിയൊരു വിടവു സംഭവിച്ചിരിക്കുന്നു. ഭൗതികതയിൽ തത്പരരായ പാശ്ചാത്യസംസ്കാരം ഇവിടെ കടന്നുകയറുകയും, ഇവിടത്തെ സംസ്കാരം അതായി മാറുകയും ചെയ്തിരിക്കുന്നു. അതുമൂലം നിലവിലുള്ള സംസ്കാരവും ആദ്ധ്യാത്മികതയുടേതായ വേരും തമ്മിൽ വേർപെട്ടു നില്ക്കുന്നു."
''അതു ശരിയാണ്. പൊതുജനങ്ങൾ ഇക്കാര്യം അറിയുന്നില്ല. എങ്കിലും ഇതറിയുന്നവർക്ക് ഇവയെ കൂട്ടിയിണക്കി നിലനിറുത്താൻ സാധിക്കും. ഭൗതികമെന്നതും ജീവിതത്തിന്റെ ഒരു മുഖം തന്നെയാണ്. ഭൗതികമായ ജീവിതത്തിൽ നിന്നും, ഭൗതികമായ ലോകത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരാദ്ധ്യാത്മികതയുമില്ല. ആത്മീയവശം കൂടാതെയുള്ള ഭൗതികജീവിതവുമില്ല. നമ്മൾ അറിഞ്ഞാലും ഇല്ലെങ്കിലും. അതുകൊണ്ട് ഭൗതികതയെയും ആത്മീയതയെയും ഒരൊറ്റ മഹാസത്യത്തിന്റെ ഇരുവശങ്ങളായി ദർശിക്കുന്ന ഒരു പുതിയ തരം ശാസ്ത്രീയ ചിന്ത നമുക്ക് ആവശ്യമായി വന്നിരിക്കുന്നു.
''വാസ്തവത്തിൽ ഭൗതികതയെയും ആത്മീയതയെയും ഭാരതത്തിലെ ഋഷിമാരും ഗുരുക്കന്മാരും ഒരിക്കലും രണ്ടായി കണ്ടിട്ടുമില്ല.""