-mathew-t-thomas-j-d-s-
MATHEW T THOMAS j d s

 മാത്യു ടി. തോമസിനെ പ്രസിഡന്റാക്കണമെന്നാവശ്യം

തിരുവനന്തപുരം: മാത്യു ടി. തോമസിനെ നീക്കി കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചെങ്കിലും ഇതേച്ചൊല്ലി ജനതാദൾ-എസിൽ ഉടലെടുത്ത പോരിന് ശമനമില്ല. കൃഷ്ണൻകുട്ടിക്ക് പകരം സംസ്ഥാന പ്രസിഡന്റ് ആരാകുമെന്ന ചോദ്യം പാർട്ടിയിൽ തർക്കവിഷയമായേക്കും.

നിയമസഭാകക്ഷി നേതാവായ സി.കെ. നാണുവിനെ ദേശീയ നേതൃത്വം പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിക്കുന്നെന്നാണ് സൂചന. ഈ നിബന്ധനയിലാണ് കൃഷ്ണൻകുട്ടിയെ നാണു പിന്തുണച്ചതെന്നും പറയുന്നു. എന്നാൽ, മാത്യു ടി. തോമസിനെ മാറ്റിയത് ശരിയായ രീതിയിലല്ലെന്ന് കരുതുന്ന വിഭാഗം ഇതിനെ എതിർത്തേക്കും. മന്ത്രിയാകുന്നതിന് മുമ്പ് സംസ്ഥാന പ്രസിഡന്റായിരുന്ന മാത്യു ടി. തോമസിന് പദവി തിരിച്ചുനൽകാൻ ഇവരാവശ്യപ്പെടും. ദേശീയനേതൃത്വത്തിന് ഇത് പുതിയ തലവേദനയാകും.

മാത്യു ടി. തോമസിനെ നീക്കിയത് സംസ്ഥാന കമ്മിറ്റിയെ ഇരുട്ടിൽ നിറുത്തിയാണെന്ന ആക്ഷേപം അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഉയർത്തിക്കഴിഞ്ഞു. പാർട്ടി നേതൃയോഗങ്ങളിൽ മന്ത്രി പങ്കെടുക്കാറില്ലെന്ന കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ ആക്ഷേപത്തിനുള്ള മറുപടിയാണിത്.

ജെ.ഡി.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റാണിപ്പോൾ മാത്യു ടി. തോമസ്. മുമ്പ് വീരേന്ദ്രകുമാർ വിഭാഗം മുന്നണി വിട്ടപ്പോൾ ഇടതിലും ജെ.ഡി.എസിലും ഉറച്ചുനിന്ന് പാർട്ടി പ്രസിഡന്റുമായി. പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ സംരക്ഷിച്ചയാൾക്ക് പദവി തിരിച്ചു നൽകണമെന്നാണ് ഒരു പക്ഷത്തിന്റെ വാദം. എന്നാൽ, ദേശീയ നേതൃത്വം പറയട്ടെ, അങ്ങോട്ട് ചെന്ന് പ്രസിഡന്റ് സ്ഥാനം ചോദിക്കാനില്ല എന്ന നിലപാടിലാണ് മാത്യു ടി. തോമസ് എന്നറിയുന്നു.

മന്ത്രികുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തിയതിന് പിന്നിൽ മന്ത്രി സ്ഥാനമോഹികളുടെ കരങ്ങളാണെന്ന മാത്യു .ടി അനുകൂലികളുടെ ആക്ഷേപം കൃഷ്ണൻകുട്ടി വിഭാഗത്തിന് രുചിച്ചിട്ടില്ല. രണ്ടര വർഷ ശേഷം മന്ത്രിസ്ഥാനമൊഴിയാൻ മാത്യു ടി. തോമസിനോട് നേരത്തേ നിർദ്ദേശിച്ചിട്ടും കൂട്ടാക്കാത്തതിനാലാണ് ദേശീയനേതൃത്വം ഇടപെട്ടതെന്ന് കൃഷ്ണൻകുട്ടി തുറന്നു പറഞ്ഞത് ഈ സന്ദ‌ർഭത്തിലാണ്. എന്നാൽ രണ്ടര വർഷം ഇന്ന് ആകാനിരിക്കുന്നതേയുള്ളൂ എന്നിരിക്കെ എങ്ങനെ ഈ ആരോപണം നിലനിൽക്കുമെന്നാണ് മറുപക്ഷത്തിന്റെ ചോദ്യം. മന്ത്രിസഭാ രൂപീകരണ വേളയിൽ ഇങ്ങനെയൊരു ധാരണയില്ലായിരുന്നെന്നും അവർ പറയുന്നു. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന വാദത്തെയും മാത്യു .ടി അനുകൂലികൾ തള്ളുകയാണ്. തീരുമാനമറിയിക്കാൻ വിളിച്ച ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലിയോട് തന്റെ നീരസം മാത്യു ടി. തോമസ് പ്രകടിപ്പിച്ചെന്നും സൂചനയുണ്ട്.

രാജിക്കത്ത് മുഖ്യമന്ത്രിക്ക്

നേരിട്ട് നൽകും

നാളെ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം അദ്ദേഹത്തെ നേരിൽ കണ്ട് മാത്യു ടി. തോമസ് രാജിക്കത്ത് നൽകും. ടെലിഫോണിൽ ബന്ധപ്പെട്ട് വിവരമറിയിച്ചിട്ടുണ്ട്. നാളെ കൃഷ്ണൻകുട്ടിയും തലസ്ഥാനത്തെത്തും. സത്യപ്രതിജ്ഞാ തീയതി നാളെയറിയാം. ചൊവ്വാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. വെള്ളിയാഴ്ച ജലവിഭവ വകുപ്പിന്റെ ചോദ്യം സഭയിൽ വരുന്നുമുണ്ട്. അപ്പോഴേക്കും പുതിയ മന്ത്രിയെത്തുമെന്നാണ് സൂചന.

ദേശീയ നേതൃത്വത്തിന്റെ തീരുമാനമടങ്ങിയ കത്ത് കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ചേർന്ന് ഇന്നലെ കോഴിക്കോട്ട് വച്ച് മുഖ്യമന്ത്രിക്ക് കൈമാറി.