ശ്രീധരൻപിള്ളച്ചേട്ടന് വെട്ടൊന്ന് മുറി രണ്ട് എന്നതാണ് രീതി. കമ്മ്യൂണിസ്റ്റുകാരനെ വഴിയിൽ കണ്ടാൽ പിടിച്ചുനിറുത്തി, നാട്ടിലെന്തുണ്ട് സഖാവേ വിശേഷം, ബീഡിയുണ്ടോ തീപ്പെട്ടിയെടുക്കാൻ എന്ന് ചോദിച്ചുവിടുന്ന രീതി പിള്ളച്ചേട്ടനില്ല. ധ്വജപ്രണാം ഏക്, ദോ, തീൻ എന്നും പറഞ്ഞ് കാല് രണ്ടും മുന്നോട്ട് നീട്ടി പറന്നൊരു ചവിട്ടാണ്. പടപടേന്നും കൊണ്ട് കമ്മ്യൂണിസ്റ്റുകാരൻ അപ്പോഴേ നിലംപരിശായിക്കൊള്ളുമെന്ന് പിള്ളച്ചേട്ടനറിയാം.
അതുകൊണ്ടാണ് , ശബരിമലയിലെ യുവതീപ്രവേശന വിധി അവിടെ നിൽക്കട്ടെ, കമ്മ്യൂണിസ്റ്റുകാരുടെ കളി ഇങ്ങോട്ട് വേണ്ട എന്ന് പിള്ളച്ചേട്ടൻ കട്ടായം പറഞ്ഞത്. ഇക്കണ്ടതൊന്നും കളിയല്ല മന്നവാ എന്ന് മന്ദസ്മിതം തൂകി പിള്ളച്ചേട്ടൻ മൂളിപ്പാടുന്നത് കണ്ട് ആദ്യം അറിയാതെ ഏമ്പക്കം വിട്ടുപോയത് അമിത് ഷാജിയണ്ണനാണെന്നും അതല്ല ന.മോ.ജിയാണെന്നും രണ്ട് വർത്തമാനമുണ്ട്.
പിള്ളച്ചേട്ടനെ കണ്ടാൽ ഊരിലെ പഞ്ഞമറിയാം എന്ന് വി. മുരളീധർജി ഊറിയൂറിച്ചിരിക്കാറുണ്ട്. ആ ചിരി കൊലച്ചിരിയാണെന്ന് പിള്ളച്ചേട്ടന് അറിയാത്തതല്ല. പക്ഷേ പിള്ളച്ചേട്ടൻ ഒന്ന് തീരുമാനിച്ചാൽ തീരുമാനിച്ചതാണ്. അതിൽ നിന്ന് ആന പിടിച്ചുവലിച്ചാലും ചേട്ടനെ പിന്തിരിപ്പിക്കാനാവില്ല.
ചേട്ടൻ ശബരിമലയിൽ സമരത്തിന് കാലാൾപ്പടയെ വിട്ടതിന്റെ ഗുട്ടൻസ് പിടികിട്ടാത്ത ചില യുവമോർച്ചപ്പിള്ളാരുണ്ടായിരുന്നു. അന്തംവിട്ട പെരുച്ചാഴിയെ പോലെ അവരുടെ നില്പ് കണ്ടപ്പോഴാണ് പിള്ളച്ചേട്ടൻ ആ രഹസ്യമങ്ങ് തുറന്നുപറഞ്ഞത്. അത് അവരുടെ നില്പ് കണ്ടിട്ടുള്ള സഹതാപം കൊണ്ടായിരുന്നു. സുവർണ്ണാവസര വിളംബരം എന്ന് ആ വെളിപ്പെടുത്തൽ ഇന്ന് ചരിത്രരേഖയായി മാറിക്കഴിഞ്ഞു.
പോരിന് അടവ് പലതും പയറ്റി ശീലമുള്ളയാളാണ് പിള്ളച്ചേട്ടൻ. ചേട്ടനെ അതിർത്തിയിൽ തീവ്രവാദികളെ നേരിടാൻ നിയോഗിക്കാൻ പോലും ന.മോ.ജി ആലോചിച്ചതാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. അങ്ങനെ വന്നാൽ ഇവിടെ ശബരിമലയിലെ കാര്യം ആര് നോക്കുമെന്ന ആധി കലശലായപ്പോൾ ന.മോ.ജി ആ പ്ലാനങ്ങ് ഡ്രോപ്പ് ചെയ്തു. ശബരിമലയിൽ പത്ത് വയസിനും അമ്പത് വയസിനുമിടയിൽ പ്രായമുള്ള ഏതെങ്കിലും പെണ്ണൊരുത്തി കയറാനൊരുങ്ങിയാൽ തടയാൻ ചിലപ്പോൾ പിള്ളച്ചേട്ടൻ ശോഭാജി- സുരേന്ദ്രാജി- തില്ലങ്കേരിജിയാദികളെ പറഞ്ഞയച്ചെന്ന് വരും. അത് ശരിക്കും തടയാനുള്ളതല്ല. തടയാനെന്ന വ്യാജേന കമ്മ്യൂണിസ്റ്റുകാരെ കണ്ടുപിടിച്ച് കൊടുക്കാനാണ്. യുവതികൾ ശബരിമലയല്ല, ഹിമാലയം കേറിയാലും കുഴപ്പമില്ല, പിള്ളച്ചേട്ടന് കമ്മ്യൂണിസ്റ്റുകാരെ കിട്ടിയാൽ മാത്രം മതി.
അതുകൊണ്ടെന്തുണ്ടായി, പിള്ളച്ചേട്ടൻ ഒരജൻഡ നിശ്ചയിച്ചു, അതിൽ ഓരോരുത്തരായി വന്ന് വീണുകൊടുത്തു. അക്കാര്യവും പിള്ളച്ചേട്ടൻ രഹസ്യമായി യുവമോർച്ചാക്കാരോടാണ് പറഞ്ഞത്. പിള്ളച്ചേട്ടന്റെ അജൻഡ പിടി കിട്ടിയപ്പോഴാണ് പിണറായി സഖാവിന്റെ ബെഹ്റപ്പൊലീസിനും ചില തോന്നലുകളൊക്കെയുണ്ടായത്. അങ്ങനെ സുരേന്ദ്രൻജി തൊട്ട് ശശികലടീച്ചർ വരെയുള്ളവരെ അക്ഷരമാലയും ഗുണകോഷ്ഠവും പഠിപ്പിക്കാൻ ബെഹ്റപ്പൊലീസ് തുനിയുകയുണ്ടായി. അങ്ങനെ അവരുടെ ഗുണകോഷ്ഠം പഠിപ്പ് കാരണം ശബരിമലയിൽ ഇപ്പോൾ വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നീങ്ങുന്നുവെന്നാണ് അശരീരി. ഇത് അമിത് ഷാജിയണ്ണനറിഞ്ഞാൽ പിള്ളച്ചേട്ടൻ ഗുണകോഷ്ഠം പഠിക്കേണ്ടി വരുമോയെന്ന ശങ്കയും കലശലായി ഉയരുന്നുണ്ട്. അതിനാൽ പിള്ളച്ചേട്ടനിപ്പോൾ സമാധാനിക്കുന്നത് വരുമോരോ ദശ വന്നപോലെ പോം എന്നാണത്രെ.
നവോത്ഥാനത്തിന് പിന്തുടർച്ച സൃഷ്ടിക്കാൻ എളുപ്പവഴിയൊന്നുമില്ലെന്ന് പിണറായി സഖാവ് തൊട്ട് കോടിയേരി സഖാവ് വരെയുള്ളവർക്ക് നല്ലപോലെ അറിയാം. നവോത്ഥാനം, നവോത്ഥാനം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം ഉരുവിട്ടാൽ അത് താനേ വന്നുകൊള്ളും എന്ന് പി. സഖാവോ കോ. സഖാവോ കരുതാറില്ല. വിപ്ലവം വിരിയിക്കുന്നത് പോലൊരു ഏർപ്പാട് തന്നെയാണീ നവോത്ഥാനം വിരിയിക്കൽ ഏർപ്പാടും.
പാലക്കാട്ടെ ഷൊർണ്ണൂരിൽ അതിനാൽ നവോത്ഥാനം വരുത്താനായി ശശി സഖാവിനെ നിയോഗിച്ചു. അതിലെന്താണിത്ര തെറ്റ് ? കമ്മ്യൂണിസ്റ്റ് ആരോഗ്യം വേണ്ടുവോളമുള്ള തടിയാണ്. അതിനല്പം കാറ്റ് കൊള്ളിച്ചാൽ ആരോഗ്യം പുഷ്ടിപ്പെടാനുള്ള സാദ്ധ്യത നൂറ്റുക്ക് നൂറ് ശതമാനവുമാണ്. കാൽനട ജാഥയാവുമ്പോൾ കാറ്റ് വേണ്ടുവോളം കൊള്ളും, ആരോഗ്യം പുഷ്ടിപ്പെടും, നവോത്ഥാനം പുഷ്പം പോലെ വിടരും.
നവോത്ഥാനമെന്നാൽ ചക്കയാണോ മാങ്ങയാണോ എന്ന് തിരിച്ചറിയാത്ത കോലങ്ങൾ പലതും പറയും. ഡിഫിക്കാരികളെ നവോത്ഥാനത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞ് പഠിപ്പിക്കാൻ കെല്പുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യവുമായി നടക്കുന്ന ശശിസഖാവ് ജാഥ നയിക്കുമ്പോഴാണ് നവോത്ഥാനം കിളിർത്ത് വരികയെന്ന് ബോദ്ധമില്ലാത്ത പരിഷകളാണവർ. അതിനാൽ കുറ്റം പറയുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ: ഞങ്ങടെ ഡിഫിയിൽ ഞങ്ങള് നവോത്ഥാനം വിരിയിച്ചാൽ നിങ്ങൾക്കെന്താ കോൺഗ്രസേ...
ഉപ്പുനിയമം ലംഘിച്ച് ഉപ്പ് കുറുക്കിയ ആളാണ് താൻ എന്ന് ചെന്നിത്തല ഗാന്ധി ആരോടും പറഞ്ഞ് നടക്കാറില്ല. അത് ചെന്നിത്തല ഗാന്ധിയുടെ വിനയം ഒന്ന് കൊണ്ട് മാത്രമാണ്. നിയമലംഘനപ്രസ്ഥാനത്തിന് ശേഷം ചെന്നിത്തല ഗാന്ധിയും കൂട്ടരും നടത്തിയ ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യസമരമാണ് ശബരിമല അയ്യപ്പന്റടുത്ത് കാണിച്ചത്. ചെന്നിത്തലഗാന്ധിയുടെ നിരോധനാജ്ഞാലംഘനം ഇതിനോടകം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞെന്നാണ് പറയുന്നത്. പക്ഷേ അതിന്റെ അഹങ്കാരം ചെന്നിത്തല ഗാന്ധി ലവലേശം കാണിക്കാറില്ല. മുല്ലപ്പള്ളി ഗാന്ധിയോട് പോലും ക.മാ.ന്നൊരക്ഷരം ഇതേപ്പറ്റി ചെന്നിത്തല ഗാന്ധി ഉരിയാടിയിട്ടില്ല. അതുകൊണ്ടെന്തുണ്ടായി, ചെന്നിത്തല ഗാന്ധിയെ കണ്ട മുല്ലപ്പള്ളി ഗാന്ധി കോരിത്തരിച്ച് നിന്നുപോയി പോലും. കാരണം ഇദ്ദേഹമല്ലേ നിരോധനാജ്ഞ ലംഘിച്ച മഹാനായ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഓർത്തിട്ടായിരുന്നു അത്.
ശബരിമലയിൽ ചെന്ന് നിരോധനാജ്ഞ ലംഘിക്കാൻ അഹിംസാരീതിയിലുള്ള സമരമുറകളാലോചിച്ചാണ് ചെന്നിത്തലഗാന്ധിയും സംഘവും പുറപ്പെട്ടത്. നിരോധനാജ്ഞ ലംഘിച്ചാൽ അറസ്റ്റ് ചെയ്തോളണമെന്ന് അറിയാത്ത ബെഹ്റപ്പൊലീസിന്റെ ചില കിങ്കരന്മാർ പക്ഷേ അതിന് തയ്യാറായില്ല. അറസ്റ്റ് ചെയ്യൂ, ചെയ്യൂ എന്ന് ചെന്നിത്തല ഗാന്ധിക്ക് വിളിച്ച് പറയേണ്ടി വന്നത് അതിനാലായിരുന്നു. ഉപ്പുനിയമം ലംഘിച്ചപ്പോൾ പോലും ചെന്നിത്തല ഗാന്ധിക്ക് ഇങ്ങനെ പൊലീസിന്റെ തലതിരിഞ്ഞ ഏർപ്പാട് കാണേണ്ടി വന്നിട്ടില്ല. ' ഒളിവിൽ പോയ കക്ഷിയെ ആർക്കും വേണ്ട, പക്ഷേ പിടികൊടുക്കില്ലെന്നാണ് വാശി ' എന്ന മട്ടിലായിപ്പോയി എന്നാവും ഇത് കണ്ട പിണറായിസഖാവ് പറഞ്ഞിട്ടുണ്ടാവുക. അത് കാര്യമാക്കേണ്ട. ഇനിയും ഇതുപോലുള്ള നിയമലംഘനപ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഈ ശരീരം ബാക്കിയുണ്ടാവേണ്ടത് നാടിന്റെ ആവശ്യമാണ്.
ഇ-മെയിൽ: dronar.keralakaumudi@gmail.com