മുടപുരം: കേരളത്തിൽ നിന്ന് കുഷ്ഠരോഗം പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആരംഭിച്ച 'അശ്വമേധം' പ്രോജക്ടിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ കുഷ്ഠരോഗ നിവാരണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. സുസ്ഥിര വികസന ലക്ഷ്യം 2020 ന്റെ ഭാഗമായിട്ടാണിത്. പരിപാടിയുടെ നടത്തിപ്പിനായി ബ്ലോക്ക് തലത്തിൽ ഇന്റർസെക്ടറൽ കോ–ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യവകുപ്പിലെ സൂപ്പർവൈസർമാർ, ആരോഗ്യ പ്രവർത്തകർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കുള്ള പരിശീലനപരിപാടി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് ബി. രമാഭായി അമ്മ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുലേഖ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, എൻ. ദേവ്, സന്ധ്യ, ഗീതാസുരേഷ്, സിന്ധുകുമാരി, ബി.ഡി.ഒ. വിഷ്ണു മോഹൻദേവ്, ഡോ. പത്മപ്രസാദ് എന്നിവർ സംസാരിച്ചു. ഡോ: ജീനാരമേശ്, ഡോ. ദീപക്, നോൺ മെഡിക്കൽ സൂപ്പർവൈസർ സുരേഷ് ബാബു എന്നിവർ ക്ലാസെടുത്തു. ഡോ.ഷ്യാംജി വോയ്സ് സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ജഗദീഷ് നന്ദിയും പറഞ്ഞു. കേരളത്തിലെ 8 ജില്ലകളിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് 24 കുട്ടികളുൾപ്പെടെ 98 പേർ ഇപ്പോഴും ചികിത്സയിലാണ്. കുഷ്ഠരോഗത്തെക്കുറിച്ച് അവബോധം നൽകാനും ബ്ലോക്കിലുൾപ്പെട്ട വീടുകളിൽ പോയി രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനുമായി പരിശീലനം നേടിയ വോളന്റിയർമാർ ഡിസംബർ 5 മുതൽ 18 വരെ കുഷ്ഠരോഗ നിർണയ സർവേ നടത്തും. ഒരു ദിവസം ഇരുപതു വീടുകളാണ് സന്ദർശിക്കുക.