kseb

തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാട് നിർബന്ധമാക്കാൻ കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകളുടെ പ്രവർത്തനസമയം അഞ്ച് മണിക്കൂറായി ചുരുക്കുന്നു. ജനുവരി ഒന്നു മുതൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാകും കൗണ്ടറുകളുടെ പ്രവർത്തനം. ഉച്ചയ്ക്ക് ഒരു മണിക്കൂർ ഇടവേളയും ഉണ്ടാകും. നിലവിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ്. ഇതിനു പുറമെ കാഷ് കൗണ്ടറുകളുടെ നിലവിലുള്ള എണ്ണം വെട്ടിക്കുറയ്ക്കും .2000 രൂപയ്ക്ക് മേലുള്ള ഗാർഹികേതര ബില്ലുകൾ ഒാൺലൈനായി മാത്രമേ സ്വീകരിക്കൂ. വൈദ്യുത പോസ്റ്റ് മാറ്റൽ ഉൾപ്പെടെയുള്ള ചെലവുകൾക്ക് ഒാൺലൈൻ പേമെന്റ് മാത്രമാക്കാനും നടപടി തുടങ്ങി.

ഡിജിറ്റിൽ പണമിടപാടിൽ കെ.എസ്.ഇ.ബിയുടെ പ്രകടനം 11.27 % മാത്രമാണിപ്പോൾ. ഇത് ഉടൻ 45 ശതമാനമായി ഉയർത്തിയില്ലെങ്കിൽ ഫൈൻ ചുമത്തുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന കേന്ദ്ര ഉൗർജ്ജ മന്ത്രാലയത്തിന്റെ മുന്നറിയിപ്പാണ് ഇതിനിടയാക്കിയത്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും പുറമെ നിന്ന് കൊണ്ടുവരേണ്ട കെ.എസ്.ഇ.ബിക്ക് കേന്ദ്ര മുന്നറിയിപ്പ് അവഗണിക്കാനാവില്ല.

കഴിഞ്ഞ വർഷം കെ.എസ്.ഇ.ബിയുടെ ഒാൺലൈൻ ബിൽ പേമെന്റ് 6.48 ശതമാനമായിരുന്നു. 2017ൽ ഡിജിറ്റൽ ഇടപാട് കൂട്ടാൻ കേന്ദ്രം നിർദ്ദേശിച്ചു. അതിനുശേഷമാണ്‌ 11.27 ശതമാനത്തിലെത്തിയത്. വളർച്ച കേവലം 5 ശതമാനം. ഇതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ഇൗ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് 45 ശതമാനം എന്ന ലക്ഷ്യം കൈവരിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടിവരും.

 മൊത്തം ഉപഭോക്താക്കൾ:- 1.24 കോടി

 നിലവിൽ ഡിജിറ്റൽ - 13.97 ലക്ഷം

 കേന്ദ്ര നിർദ്ദിഷ്ട ലക്ഷ്യം- 55.80 ലക്ഷം

മറ്റ് നടപടികൾ

 15,000ൽ താഴെ ഉപഭോക്താക്കളുള്ളിടത്ത് ഒരു കാഷ് കൗണ്ടർ മാത്രമാക്കും

(60 % സെക്ഷനുകളും ഇൗ വിഭാഗത്തിൽപ്പെടും)

 കാഷ് കൗണ്ടറുകളിൽ ഗാർഹിക ബില്ലുകൾ മാത്രം സ്വീകരിക്കും

 ഒാൺലൈൻ പേമെന്റ് ചെയ്യുന്നവർക്ക് പ്രത്യേക ഒാഫർ പ്രഖ്യാപിക്കും