ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തിന്റെ വിവരണാതീതമായ കെടുതികളിൽ നിന്ന് സംസ്ഥാനം മോചിതമായിട്ടില്ല. പ്രളയദുരിതം അനുഭവിക്കേണ്ടിവന്നവർ സ്വന്തം നിലയിൽ ജീവിതം തിരികെ പിടിക്കാനുള്ള കഠിനശ്രമത്തിലാണ്. സർക്കാരും ആവുംമട്ടിൽ ഇതിന് അവരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനുമായി വളരെ വലിയ സംഖ്യ ആവശ്യമായിരിക്കെ സർക്കാരിന്റെ മുമ്പിൽ സാദ്ധ്യതകൾ അധികമൊന്നുമില്ലെന്നതാണ് ദുരിതബാധിതരെ അലട്ടുന്നത്. സർക്കാർ ഏജൻസികളും യു.എൻ ഏജൻസിയും ലോകബാങ്ക് സംഘവുമെല്ലാം നടത്തിയ കണക്കെടുപ്പിൽ പ്രളയം മൂലം 31000 കോടിരൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന് സ്വന്തം നിലയിൽ ഇത്രവലിയ തുക സ്വരൂപിക്കാനാവില്ലെന്നത് വസ്തുതയാണ്. ജനങ്ങളിൽനിന്നും വിവിധ സംഘടനകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമെല്ലാം ലഭിച്ച സംഭാവന രണ്ടായിരംകോടി രൂപയ്ക്കടുത്താണ്. കേന്ദ്രത്തിൽനിന്ന് ഉദാരമായി സഹായം ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു സർക്കാർ. എന്നാൽ അത് ഇനിയും ഉണ്ടായില്ല.
പ്രളയദിനങ്ങളിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഉൾപ്പെടെയുള്ളവർ ദുരിതബാധിതമേഖലകൾ സന്ദർശിച്ച് സ്ഥിതി നേരിൽ കണ്ടതാണ്. സംസ്ഥാനത്തെ കൈയയച്ച് സഹായിക്കുമെന്ന് വാഗ്ദാനവും നൽകി. ഇവർക്ക് പിന്നാലെ എത്തിയ കേന്ദ്രഉദ്യോഗസ്ഥ സംഘം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നാശനഷ്ടങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി റിപ്പോർട്ടുകളും തയ്യാറാക്കി. ഡൽഹിയിൽ മടങ്ങിച്ചെന്നാലുടൻ നഷ്ടപരിഹാരത്തിന്റെ തോത് നിശ്ചയിച്ച് പണം ലഭ്യമാക്കാൻ നടപടി ഉണ്ടാകുമെന്ന് അവർ ഉറപ്പ് പറഞ്ഞതാണ്. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും നേരത്തെ പ്രഖ്യാപിച്ച 600 കോടിരൂപയല്ലാതെ ചില്ലിപ്പൈസ പ്രളയസഹായമായി ഇതുവരെ ലഭിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അടിയന്തരമായി സഹായം ലഭിച്ചാലേ ഫലമുള്ളൂ. വീടും സ്ഥലവും കൃഷിയിടങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടവർക്ക് സഹായത്തിനായി അനന്തമായി കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാകണമെന്നില്ല. സഹായം വൈകുന്തോറും അവർ അക്ഷമരാകും. അത് മാത്രമല്ല മനുഷ്യത്വരഹിതവും ക്രൂരവുമാണത്.
പ്രളയ സഹായം സത്വരമായി എത്തിക്കുന്നതിൽ ഒരുവിധ അലംഭാവവും ഉണ്ടാവുകയില്ലെന്ന് വാക്ക് നൽകിയാണ് പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ഡൽഹിക്ക് മടങ്ങിയത്. എന്നാൽ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷവും നടപടി ഒന്നും ഉണ്ടാകാത്തതു കാണുമ്പോൾ മുൻകാല അനുഭവങ്ങളാണ് ഒാർമ്മ വരുന്നത്. മഴക്കെടുതി ഉണ്ടായാലും വരൾച്ച ഉണ്ടായാലും സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്രം മടി കാണിക്കാറാണ് പതിവ്. ആയിരം കോടിയുടെ സഹായം ചോദിച്ചാൽ അതിന്റെ പത്തിലൊന്നുപോലും ലഭിക്കാറില്ല. മാറിമാറി മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ഡൽഹിയിൽ പോയി കേന്ദ്രമന്ത്രിമാരെ മുഖംകാണിച്ച് ആവലാതി ബോധിപ്പിച്ചാലും ഫലമുണ്ടാകാറില്ല. ഇക്കുറി സംസ്ഥാനം നേരിട്ട പ്രകൃതി ദുരന്തം സമാനതകളില്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്രം നല്ലതോതിൽ കടാക്ഷിക്കുമെന്ന പ്രതീക്ഷയാണ് സർക്കാരും ജനങ്ങളും വച്ചുപുലർത്തിയത്. അനക്കമൊന്നും കാണാത്തതുകൊണ്ടാണ് ഇക്കുറിയും കേന്ദ്രം നിരാശപ്പെടുത്തുമോ എന്ന ശങ്ക ഉയരുന്നത്.
സംസ്ഥാനം സ്വന്തം നിലയിൽ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പണം സംഭരിക്കാൻ നടത്തിയ നീക്കങ്ങളോടും കേന്ദ്രം അനുകൂല മനോഭാവം കാണിച്ചില്ല. വിദേശത്തുനിന്ന് സഹായം സ്വീകരിക്കാൻ പാടില്ലെന്ന് വിലക്ക് ഏർപ്പെടുത്തി. പ്രവാസികളിൽനിന്ന് സംഭാവന സ്വീകരിക്കാൻ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള സംസ്ഥാന മന്ത്രിമാരുടെ യാത്രാപരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടു. കടം എടുക്കാനുള്ള പരിധി ഉയർത്തണമെന്ന ആവശ്യംപോലും അംഗീകരിച്ചില്ല. അധിക വിഭവ സമാഹരണത്തിന് സർക്കാർ തയ്യാറാക്കിയ ഒരു പദ്ധതിയോടും കേന്ദ്രം ആഭിമുഖ്യം കാണിച്ചില്ല. ഇത്തരത്തിൽ സംസ്ഥാനത്തെ ദുരിതബാധിതരോട് തീർത്തും അനുഭാവ രഹിതമായ സമീപനം പുലർത്തുമ്പോൾത്തന്നെയാണ് ന്യായമായി സംസ്ഥാനത്തിന് ലഭിക്കേണ്ട ദുരിതാശ്വാസ സഹായം വച്ചുതാമസിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ മനസ്സാക്ഷിയില്ലാത്ത ഇത്തരം സമീപനത്തിനെതിരെ മുഖ്യമന്ത്രി പിണറായിവിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ സംസ്ഥാനത്തിന്റെ ഒന്നടങ്കമുള്ള വികാരമാണ്. സഹായം അനുവദിക്കുന്നതിൽ കാണിക്കുന്ന ഇരട്ടത്താപ്പ് ഏറെ പ്രകടവുമാണ്. മറ്റിടങ്ങളിൽ പ്രകൃതി ദുരന്തങ്ങളു ണ്ടാകുമ്പോൾ വലിയ തോതിൽ സഹായവുമായി കേന്ദ്രം ഒാടിയെത്താറുണ്ട്. എന്നാൽ കേരളം ഒന്നടങ്കം പ്രളയത്തിലകപ്പെട്ടിട്ടും സഹായിക്കാൻ മടിച്ചുനിൽക്കുകയാണ്. എല്ലാക്കാലത്തും സംസ്ഥാനത്തോട് കേന്ദ്രം പുലർത്തുന്ന ചിറ്റമ്മനയത്തിന്റെ തുടർച്ചയായിട്ടേ ഇതിനെ കാണാനാവൂ. ശബരിമല കോലാഹലത്തിൽ മുങ്ങിനിൽക്കുന്ന രാഷ്ട്രീയ കക്ഷികൾ പ്രളയദുരിതത്തിൽ പെട്ട സാധാരണക്കാരുടെ ജീവിത പ്രയാസങ്ങൾ കാണുന്നില്ല.