തിരുവനന്തപുരം: ആരോഗ്യ വകുപ്പ് കിണഞ്ഞ് ശ്രമിച്ചിട്ടും സംസ്ഥാനത്ത് രണ്ടു മാസം മുമ്പ് മടങ്ങിയെത്തിയ എച്ച് വൺ എൻ വൺ പനി നിയന്ത്രിക്കാനാവുന്നില്ല. ഈ മാസം ഇതുവരെ ഇൗ പനി ബാധിച്ച് മരിച്ചത് 14 പേരാണ്. കഴിഞ്ഞ രണ്ടു മാസത്തെ കണക്ക് പ്രകാരം 29 പേരുടെ ജീവനാണ് അപഹരിച്ചത്. ഇത് സർക്കാർ ആശുപത്രികളിലെ ഔദ്യോഗിക കണക്ക് മാത്രമാണ്.
കഴിഞ്ഞ മാസം എച്ച് വൺ എൻ വൺ പടർന്നു പിടിച്ചതോടെ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ഡോക്ടർമാർ ജാഗരൂകരായി പ്രവർത്തിച്ചുവെങ്കിലും ഇതുവരെ രോഗം നിയന്ത്രണ വിധേയമായിട്ടില്ല. ആകെ 616 പേർക്കാണ് രണ്ടാം വരവിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. ഒക്ടോബർ വരെ നിരവധി പേരുടെ ജീവനെടുത്ത എലിപ്പനി കളം വിട്ടൊഴിയുമ്പോഴാണ് എച്ച് വൺ എൻ വൺ ഭീതി പരത്തി തുടരുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതലുള്ളത്. പ്രതിദിനം അഞ്ചിലേറെ പേർക്കാണ് ഇവിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നത്.
രോഗലക്ഷണങ്ങൾ തിരിച്ചറിയാതെ യാത്ര ചെയ്യുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം കേരളത്തെ പോലെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് രോഗം പെട്ടെന്ന് പടർന്നു പിടിക്കുന്നതിന് ഇടയാക്കുന്നുവെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിലും എച്ച് വൺ എൻ വൺ പടർന്നു പിടിക്കുകയാണ്. രാജ്യത്താകെ ഈ വർഷം 582 പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. ഇതിൽ പകുതിയും മഹാരാഷ്ട്രയിലാണ്. 1,793 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചതിൽ 217 പേർ മരിച്ചു.
ഇതൊക്കെ ചെയ്യണം
1. ജനത്തിരക്കുള്ള സ്ഥലങ്ങളിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുക
2. മാസ്ക് ധരിക്കുക, രോഗ ലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക
3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക.
4. കൈയും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകുക
ചെയ്യരുത്
1. പരസ്പരം ആശംസിക്കുമ്പോൾ ഷേക്ക് ഹാൻഡോ ആലിംഗനമോ പാടില്ല
2. പൊതുസ്ഥലങ്ങളിൽ തുപ്പരുത്
3. പനിയുടെ ലക്ഷണം ഉണ്ടെങ്കിൽ യാത്ര അരുത്
ലക്ഷണങ്ങൾ: കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ഛർദ്ദി, വിറയൽ, ക്ഷീണം