തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിൽ ജനകീയ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനായി രൂപീകരിച്ച 'പെപ്പർ' പദ്ധതി 12 കേന്ദ്രങ്ങളിൽ കൂടി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള യൂണിറ്റുകൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ആർ.ടി മിഷൻ തയ്യാറാക്കിയ ഇ - ബ്രോഷറിന്റെ പ്രകാശനവും മസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കോട്ടയം ജില്ലയിലെ വൈക്കത്തെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുടർന്ന് മറ്റ് കേന്ദ്രങ്ങളിലുമായിരിക്കും പദ്ധതി നടപ്പാക്കുക. ഉത്തരവാദിത്വ ടൂറിസം മിഷനിൽ 2017 ആഗസ്റ്റ് മുതൽ 2018 ഒക്ടോബർ വരെ 11,532 യൂണിറ്റുകൾ രൂപീകരിച്ച് 5.35 കോടി രൂപ വരുമാനമുണ്ടാക്കി. 477 പാക്കേജുകൾ ഒരു വർഷം കൊണ്ട് നടപ്പിലാക്കിയപ്പോൾ 30,422 വിനോദസഞ്ചാരികൾ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ എത്തിയെന്നും അതിലൂടെ 48 ലക്ഷം രൂപയുടെ വരുമാനം പരമ്പരാഗത തൊഴിലാളികൾക്ക് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇ.എം. നജീബ്, പി.കെ. അനീഷ് കുമാർ, എം. രഘുദാസൻ എന്നിവർ സംസാരിച്ചു. ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.