-ramesh-chennithala

തിരുവനന്തപുരം: ബി.ജെ.പിയുടെ ഉറ്റ ചങ്ങാതി കോൺഗ്രസ് ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനാണ് അവരുടെ തലതൊട്ടപ്പനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ അപ്രസക്തമായിക്കിടന്ന ബി.ജെ.പിക്ക് ശബരിമലയിലൂടെ മുഖ്യമന്ത്രി ജീവവായു നൽകാൻ ശ്രമിച്ചു. ബി.ജെ.പി അതിൽ വിജയിക്കാൻ പോകുന്നില്ലെന്നത് വേറെ കാര്യം.

മുഖ്യമന്ത്രിയാണ് ഈ വീടിന്റെ ഐശ്വര്യമെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞാൽ അതിശയിക്കാനില്ല. ഗവർണറും കോടതിയും ആവശ്യപ്പെട്ടിട്ടും ശബരിമലയിൽ ഭയപ്പാടും ഭീതിയും മാറ്റാൻ നടപടിയില്ല. ശബരിമല വിഷയത്തെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിയെ കഴിഞ്ഞദിവസം ഗവർണർ വിളിച്ചുവരുത്തിയത് അസാധാരണ നടപടിയാണ്. ഉടൻ എല്ലാം ശരിയാക്കുമെന്നാണ് രാജ്ഭവന്റെ പത്രക്കുറിപ്പിൽ പറഞ്ഞത്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ശ്മശാനമൂകതയാണ്. ഹൈക്കോടതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും സർക്കാരിന് വസ്തുത മനസിലാകുന്നില്ല.
ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകിയതിന് പിന്നാലെയാണ് യുവതീ പ്രവേശനത്തിനായി രണ്ട് ദിവസം മാറ്റിവയ്ക്കണമെന്ന നിർദ്ദേശവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇത് സർക്കാരും ബോർഡും തമ്മിലുള്ള ഒളിച്ചുകളിയാണ്. വരാനിരിക്കുന്ന വിധികളെയെല്ലാം ഈ വൈരുദ്ധ്യം ബാധിക്കും. യുവതീ പ്രവേശനത്തിൽ കേന്ദ്രമന്ത്രിമാർ ഉരുണ്ടുകളിക്കുകയാണ്. ശ്രീധരൻപിള്ള ഹാസ്യ കഥാപാത്രമായി മാറി.

ബന്ധു നിയമനം: രേഖ മേശപ്പുറത്ത് വയ്ക്കണം

മന്ത്രി കെ.ടി. ജലീൽ നടത്തിയ ബന്ധുനിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിവരാവകാശപ്രകാരം ചോദിച്ചാൽ പോലും ഇതിന്റെ വിശദാംശങ്ങൾ നൽകുന്നില്ല. രേഖകളിൽ കൃത്രിമം കാട്ടാനും സാദ്ധ്യതയുണ്ട്. രണ്ടരവർഷത്തിനുള്ളിൽ 4 മന്ത്രിമാർ രാജിവച്ചുകഴിഞ്ഞു. ഈ കണക്കിന് പോയാൽ കാലാവധി പൂർത്തിയാകുമ്പോൾ കുറഞ്ഞത് 10 മന്ത്രിമാരെങ്കിലും രാജിവയ്ക്കും.