atl24nb

ആ​റ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ യു.പി.എസ് - വീരളം റോഡ് കുഴികൾ നിറഞ്ഞ് അപകടക്കെണിയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിൽ നിരവധി അപകടങ്ങളാണ് ദിവസവും നടക്കുന്നത്. ആ​റ്റിങ്ങലിൽ നിന്ന് കൊല്ലത്തേക്ക് പോകേണ്ട ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും കടന്നുപോകുന്ന വൺവേ റോഡാണിത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഈ റോഡിൽ നിരനിരയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇടുങ്ങിയ റോഡിന്റെ വശത്തെ ഓടയുടെ മൂടികൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് അപകടഭീഷണി ഉയർത്തുകയാണ്. പൊളിഞ്ഞ സ്ലാബുകൾ മാ​റ്റി പുതിയത് സ്ഥാപിക്കാതെ അതിനു മുകളിൽ മറ്റൊരു സ്ലാബ് കയറ്റി വച്ചാണ് പലയിടത്തും ഓട മൂടിയിരിക്കുന്നത്. ഇത് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തുകയാണ്. റോഡിൽ പലയിടത്തും വലിയ കുഴികളാണുള്ളത്. ഇറക്കമായതിനാൽ അടുത്തെത്തിയ ശേഷമേ കുഴി കണ്ണിൽപ്പെടൂ എന്നതിനാൽ കുഴിയിൽ വീണ് നിയന്ത്റണം പോകുന്ന ഇരുചക്രവാഹനങ്ങൾ റോഡിൽ മറിഞ്ഞുവീഴുന്നതും നിത്യ സംഭവമാണ്. സ്‌കൂൾ കുട്ടികളുൾപ്പെടെ ധാരാളം ആളുകളാണ് ദിവസവും ഈ റോഡിലൂടെ നടന്നുപോകുന്നത്. റോഡിലെ കുഴികൾ കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. ഈ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തതിനാൽ രാത്രിയിലാണ് ധാരാളം അപകടങ്ങൾ ഉണ്ടാകുന്നത്. രാത്രിയിൽ ഇതുവഴി വരുന്ന പരിചയമില്ലാത്ത ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണതു തന്നെ. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി തവണ അപേക്ഷ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.