masterplan

തിരുവനന്തപുരം : നഗരത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ദിശാസൂചകമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. കാട്ടായിക്കോണം യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഫീൽഡ് സർവേ പ്രവർത്തനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസ്റ്റർ പ്ലാനിനെതിരെ വിമർശനങ്ങൾ ഏറെ ഉയർന്ന പ്രദേശമായിരുന്നു കാട്ടായിക്കോണം. ജനസൗഹൃദപരമായ മാസ്റ്റർപ്ലാനാണ് നഗരത്തിന് വേണ്ടതെന്നും ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിച്ചശേഷമേ മാസ്റ്റർപ്ലാൻ പൂർത്തിയാക്കൂവെന്നും മന്ത്രി പറഞ്ഞു. മാസ്റ്റർ പ്ലാൻ വെബ്‌സൈറ്റ് ഉദ്ഘാടനവും കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. നഗരത്തിലെ ഭൂമി ഏതൊക്കെ കാര്യങ്ങൾക്കുവേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് കണ്ടെത്തുന്നതിനുള്ള ഫീൽഡ് ഭൂവിനിയോഗ സർവേയും ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ മനസിലാക്കുന്ന സർവേയുമാണ് ആരംഭിക്കുന്നത്. ഇതോടൊപ്പം എല്ലാ വാർഡുകളിലും വാർഡുതല യോഗങ്ങളും ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിക്കുന്നതിനും വിവിധ വികസന മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനുള്ള സ്റ്റേക്ക് ഹോൾഡർ കൺസൾട്ടേഷനും സംഘടിപ്പിക്കുമെന്ന് മേയർ പറഞ്ഞു. ചീഫ് ടൗൺ പ്ലാനർ (പ്ലാനിംഗ്) ഓഫീസർ ജിജി ജോർജ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അംഗങ്ങളായ വഞ്ചിയൂർ പി. ബാബു, എസ്.എസ്.സിന്ധു, പാളയംരാജൻ, കൗൺസിലർമാരായ സിന്ധു ശശി, എസ്.ബിന്ദു, റീജിയണൽ ടൗൺ പ്ലാനർ ഖാജാ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ സ്വാഗതവും നഗരസഭ സെക്രട്ടറി ദീപ.എൽ.എസ് നന്ദിയും പറഞ്ഞു. 2012ൽ പുറത്തിറക്കിയ മാസ്റ്റർപ്ലാനിനെ അപേക്ഷിച്ച് പുതിയ കെട്ടിടങ്ങളും ഒട്ടേറെ വികസനപദ്ധതികളും നഗരത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവയെല്ലാം ഉൾക്കൊള്ളിച്ചാണ് പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതിയായ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്.

കൂട്ട ബഹിഷ്കരണം

മാസ്റ്റർപ്ലാനിന്റെ സർവേ നടപടികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ പാർട്ടിയിലെ ജനപ്രതിനിധികൾ കൂട്ടത്തോടെ വിട്ടുവിന്നു. ശശി തരൂർ എം.പി, കോൺഗ്രസ് എം.എൽ.എമാരായ കെ.മുരളീധരൻ, വി.എസ്.ശിവകുമാർ, എം.വിൻസെന്റ്, ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ എന്നിവരായിരുന്നു ചടങ്ങിൽ മുഖ്യാഥിതികളായി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇവരാരും തന്നെ പരിപാടിയിൽ പങ്കെടുത്തില്ല. കിണവൂരിൽ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നഗരസഭയുടെ പരിപാടികളിൽ പങ്കെടുക്കേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനമെന്ന് കെ.മുരളീധരൻ വ്യക്തമാക്കി. എല്ലാവരെയും മുൻകൂട്ടി ക്ഷണിച്ചിരുന്നതായി മേയറുടെ ഓഫീസ് അറിയിച്ചു.