തിരുവനന്തപുരം:മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമലയിലും പരിസരങ്ങളിലും ഡ്യൂട്ടിയിലുള്ള പൊലീസുദ്യോഗസ്ഥരുടെ ഭക്ഷണ - വിശ്രമ സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തത് അവരിൽ ആരോഗ്യ-മാനസിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷണം.
സേനാംഗങ്ങളുടെ ആവശ്യങ്ങൾ മാനുഷിക പരിഗണനയോടെ പരിഹരിക്കണമെന്നും കമ്മിഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. അസൗകര്യങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ പൊലീസ് മേധാവി രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം അറിയിക്കണം. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പൊലീസുകാരുടെ ഡ്യൂട്ടി ടേണിലും യൂണിഫോമിലും വരുത്തിയ മാറ്റങ്ങൾ പുനഃപരിശോധിക്കണമെന്ന് നവംബർ 20ന് കമ്മിഷൻ ശബരിമല സന്ദർശിച്ചപ്പോൾ പൊലീസുകാർ അഭ്യർത്ഥിച്ചിരുന്നു. ജോലി സ്ഥലത്ത് ഇരിക്കാനും വിശ്രമിക്കാനും സൗകര്യം ഏർപ്പെടുത്തണം. വനിതാ കോൺസ്റ്റബിൾമാർക്ക് നിലയ്ക്കലും പമ്പയിലും വിശ്രമസൗകര്യം അപര്യാപ്തമാണ്. ഒരാഴ്ച ഡ്യൂട്ടി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾമാർക്ക് കുടുംബവുമായി ഒത്തുചേരാൻ ഒന്നോ രണ്ടോ ദിവസം അനുവദിക്കണം. മറ്റ് പൊലീസുകാർക്കും ജോലിയിലെ സംഘർഷം ലഘൂകരിക്കാൻ സമയം ക്രമീകരിക്കണം.
മെസ് ഹാളിലെ അപര്യാപ്തത കാരണം കൃത്യസമയത്ത് ജോലിക്കെത്താൻ കഴിയുന്നില്ല.മെസ് പരിസരത്ത് ഡ്രെയിനേജ് പൊട്ടിയൊലിക്കുന്നത് പകർച്ചവ്യാധികൾക്ക് ഇടയാക്കുന്നുവെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.