വർക്കല: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പാപനാശത്ത് ബീച്ച് സ്‌പോർട്സ് ടൂറിസം നടപ്പാക്കണമെന്ന് ആവശ്യം. ഇതിന്റെ ഭാഗമായി പാപനാശത്ത് മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം കോംപ്ലക്‌സ് ആരംഭിക്കണമെന്നാണ് സഞ്ചാരികളുടെയും കായികപ്രേമികളുടെയും അഭിപ്രായം. ബില്യാർഡ്സ്, സ്‌നൂക്കർ, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, വോളിബാൾ, ബാസ്കറ്റ് ബാൾ തുടങ്ങിയവ പരിശീലിപ്പിക്കാനും വിനോദസഞ്ചാര സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും സ്റ്റേഡിയം കോംപ്ലക്‌സ് ഉപയോഗിക്കാമെന്നാണ് ഇവരുടെ അഭിപ്രായം. വർക്കല ടൂറിസം വികസനത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാകുന്ന സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ അനുബന്ധ പ്രോജക്ടായി സ്റ്റേഡിയം കോംപ്ലക്‌സ് ഉൾപ്പെടുത്തിയാൽ വർക്കലയുടെ വിനോദസഞ്ചാര വികസനത്തിന്റെ വേഗത കൂടുമെന്നാണ് കണക്കുകൂട്ടൽ. പാപനാശത്ത് ബീച്ച് സ്‌പോർട്സിന് കൂടി സാദ്ധ്യതകൾ ഉണ്ടായാൽ സർക്കാരിനും നഗരസഭയ്‌ക്കും നല്ലൊരു വരുമാന സ്രോതസായിരിക്കും. ബീച്ച് വോളിബാൾ, ബീച്ച് ഫുട്ബാൾ, ബീച്ച് ഹാൻഡ്ബാൾ, മിനി മാരത്തൺ, ബീച്ച് കബഡി, സർഫിംഗ് മത്സരങ്ങൾക്കും സീസൺ സമയത്ത് വർക്കലയിൽ വൻസാദ്ധ്യതകളുള്ളതായി കായികപ്രേമികൾ പറയുന്നു. ഇതു സംബന്ധിച്ച് സമഗ്രമായ പ്രോജക്ട് തയ്യാറാക്കി കേന്ദ്ര കായിക മന്ത്രാലയത്തിന് സമർപ്പിക്കണമെന്നാണ് കായിക പ്രേമികളുടെ പ്രധാന ആവശ്യം.
വർക്കലയിൽ സ്‌പോർട്സ് ടൂറിസം നടപ്പിലാക്കുന്നതിന് സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിക്കണം. കോറൽ ഐലൻഡ് മാതൃകയിലുള്ള സ്‌പോർട്സ് ടൂറിസം അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് വർക്കലയിൽ വേണ്ടത്.
ജി. ശശാങ്കൻ, മുൻ അത്‌ലറ്റിക് കോച്ച്, കേരള യൂണിവേഴ്സിറ്റി
ഇൻഡോർ സ്റ്റേഡിയം സംബന്ധിച്ച നടപടികൾ കായിക വകുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും. ബീച്ച് സ്‌പോർട്സ് ടൂറിസത്തിന് മുൻഗണന നൽകി സീസണിൽ വേണ്ട സൗകര്യങ്ങൾ ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പാക്കും
വി. ജോയ് എം.എൽ.എ