kerala-legislative-assemb
KERALA LEGISLATIVE ASSEMBLY

തിരുവനന്തപുരം: കേരള നിയമസഭയും പതിമ്മൂന്നും ചേർന്നാൽ ഒരു 'സ്ഫോടനം' പ്രതീക്ഷിക്കാൻ പോന്ന വെടിമരുന്നു കൂട്ടുമായി മറ്റൊരു പതിമ്മൂന്നാം സമ്മേളനത്തിലേക്ക് ചൊവ്വാഴ്ച സഭ കടക്കുന്നു. കെ.ടി. ജലീൽ തൊട്ട് ശബരിമല വരെ കത്തിനിൽക്കുമ്പോഴാണ് പതിന്നാലാം നിയമസഭയുടെ പതിമ്മൂന്നാം സമ്മേളനം ആരംഭിക്കുന്നത്. ഇത് രണ്ടുമുള്ളപ്പോൾ മറ്റെന്ത് വേണമെന്ന മട്ടിലാണ് പ്രതിപക്ഷം.

ഭൂരിപക്ഷത്തിന്റെ ബലത്തിൽ പതിവ് പോലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ സർക്കാർ അവഗണിച്ചേക്കാം. ശബരിമലയിലെ പുതിയ അന്തരീക്ഷം പ്രതിപക്ഷത്തെ തിരിച്ചടിക്കാൻ ഉപയോഗിക്കാനും മതി. പ്രളയാനന്തര പുനർനിർമ്മാണം എങ്ങുമെത്തുന്നില്ലെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തും.

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ ദിവസേനയെന്നോണം ആരോപണങ്ങളുയർത്തി ലീഗും യൂത്ത്ലീഗും സമ്മർദ്ദം പ്രയോഗിക്കുമ്പോൾ അത് പ്രതിപക്ഷത്തിന് സഭയിൽ മൂർച്ചയേറിയ ആയുധമാകും. നിയമനിർമ്മാണം മാത്രം ലക്ഷ്യമിട്ടുള്ള സഭാസമ്മേളനം മന്ത്രി ജലീലിന്റെ രാജിക്കായുള്ള മുറവിളികളാൽ കലുഷമായാൽ അദ്ഭുതപ്പെടേണ്ട.

2015 മാർച്ച് 13ന് പതിമ്മൂന്നാം സഭയുടെ പതിമ്മൂന്നാം സമ്മേളനത്തിൽ തന്റെ പതിമ്മൂന്നാമത്തെ ബഡ്‌ജറ്റ് അവതരിപ്പിക്കാൻ എത്തിയ കെ.എം. മാണിക്കുണ്ടായ ദുരനുഭവത്തോളം ആയില്ലെങ്കിൽ പോലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ പ്രതിപക്ഷം ഒട്ടും വിട്ടുകൊടുക്കാനിടയില്ല.

മുസ്ലിംലീഗിന്റെ കണ്ണിലെ കരടായ രണ്ട് ഇടത് സ്വതന്ത്രരാണ് മന്ത്രി കെ.ടി. ജലീലും പി.ടി.എ. റഹീമും. ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തിന് മറുമരുന്നായി യു.ഡി.എഫ് മന്ത്രിമാരായിരുന്ന മഞ്ഞളാംകുഴി അലി, അനൂപ് ജേക്കബ്, സ്പീക്കറായിരുന്ന ജി. കാർത്തികേയൻ തുടങ്ങിയവരുടെ ബന്ധുക്കളുടെ നിയമനം ഭരണപക്ഷം പ്രയോഗിച്ചേക്കാം. അതേസമയം റഹീമിന്റെ മകന്റെയും മരുമകന്റെയും അറസ്റ്റിനെ ചൊല്ലിയുയർന്ന വിവാദം ജലീൽ വിവാദത്തിനൊപ്പം കത്തിക്കാനുള്ള മരുന്നായിരിക്കും പ്രതിപക്ഷത്തിന്. ബ്രൂവറി - ഡിസ്റ്റിലറി ഇടപാടുകളിൽ കൈപൊള്ളിയപ്പോൾ സർക്കാർ റദ്ദാക്കിയെങ്കിലും അഴിമതിയാരോപണം കൊഴുപ്പിക്കാൻ അതും പ്രതിപക്ഷത്തിന് ഇന്ധനമാണ്.

പ്രളയാനന്തര പുനർനിർമ്മിതിയിൽ കേന്ദ്രത്തിന്റെ അവഗണന സർക്കാർ ചൂണ്ടിക്കാട്ടും. ശബരിമലയിൽ സ്‌ത്രീകളുടെ മൗലികാവകാശം ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കലല്ലാതെന്ത് വഴിയെന്ന് ചോദിച്ചും പുരോഗമനനിലപാടുകൾ ആവർത്തിച്ചും സർക്കാരും മുഖ്യമന്ത്രിയും പ്രത്യാക്രമണത്തിന് മുതിരും. രാഹുൽഗാന്ധി മുതൽ കെ.പി. ഉണ്ണിക്കൃഷ്ണൻ വരെയുള്ളവരുടെ നിലപാടുകളും അടിക്കാൻ വടിയാക്കും. ഡിസംബർ 13 വരെയാണ് 13 ദിവസത്തെ സമ്മേളനം.