തിരുവനന്തപുരം: വീടില്ലാത്ത മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വീട് നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ചെറുന്നിയൂർ പഞ്ചായത്തിലെ കല്ലുമലക്കുന്ന് കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരത്തിലെത്തിയ ശേഷം 23000 പട്ടികജാതി കുടുംബങ്ങൾക്കു വീട് നൽകുന്നതിനു നടപടിയെടുത്തു. വീട് വയ്ക്കാൻ ഭൂമിയില്ലാത്തവർക്കു ഭൂമി കണ്ടെത് നൽകുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഒരു കോടിയോളം രൂപ ചെലവിലാണ് കല്ലുമലക്കുന്ന് അംബേദ്കർ ഗ്രാമത്തിലെ വികസന പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ലൈബ്രറി, പഠനമുറി, ഹൈമാസ് ലൈറ്റ്, ഇന്റർലോക്ക് നടപ്പാതകൾ, സംരക്ഷണ ഭിത്തി തുടങ്ങിയവയാണ് വികസന പദ്ധതിയിൽപ്പെടുത്തി നടപ്പാക്കുന്നത്.
ബി. സത്യൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവപ്രകാശ്, ജില്ലാ പഞ്ചായത്തംഗം കൃഷ്ണൻകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബീന ശശാങ്കൻ തുടങ്ങിയവർ പങ്കെടുത്തു.