balabhaskar

തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരണമടഞ്ഞ സംഭവത്തിൽ അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ബാലു ആയിരുന്നെന്ന് ദൃക്സാക്ഷികളുടെയും രക്ഷാപ്രവർത്തകരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥിരീകരണം.

കാറോടിച്ചത് ബാലുവായിരുന്നെന്ന് പള്ളിപ്പുറത്ത് അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത വീട്ടിലെ 18കാരി മൊഴിനൽകി. ടി.വി ഷോകളിലൂടെ ബാലഭാസ്കറിനെ അറിയാമെന്നും ഒരിക്കലും ആളു തെറ്റില്ലെന്നും ഇവർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരനും സമാന മൊഴിയാണ് നൽകിയത്. അപകടസമയം അതുവഴി കടന്നുപോയ വാഹനങ്ങൾ കണ്ടെത്തി പൊലീസ് നടത്തിയ അന്വേഷണത്തിലും ഇതേ വിവരമാണ് ലഭിച്ചത്.

അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനായിരുന്നെന്ന് ബാലുവിന്റെ ഭാര്യ ലക്ഷ്‌മി പൊലീസിന് മൊഴിനൽകിയിരുന്നു. എന്നാൽ, കൊല്ലം മുതൽ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നും താൻ പിന്നിലെ സീറ്റിലായിരുന്നെന്നുമാണ് അർജുൻ പൊലീസിനോട് പറഞ്ഞത്. ഇടതുവശത്തെ സീറ്റിൽ ലക്ഷ്‌മിയുടെ മടിയിലായിരുന്നു തേജസ്വിനിയെന്നും അർജുൻ പറഞ്ഞു.

അപകടത്തിൽ അർജുന് കാലുകൾക്കാണ് പരിക്കേറ്റത്. തുടയെല്ല് പൊട്ടിയിരുന്നു. പരിക്കിന്റെ സ്വഭാവവും സാക്ഷിമൊഴികളും പരിശോധിക്കുമ്പോൾ അർജുൻ പറഞ്ഞത് അവിശ്വസിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ പക്ഷം. മകൾ മരിച്ച അപകടത്തിൽ പിതാവ് കുറ്റക്കാരനാകുന്ന സാഹചര്യം ഒഴിവാക്കാൻ ലക്ഷ്‌മി മൊഴി മാറ്റിയതാവാമെന്നാണ് പൊലീസ് പറയുന്നത്.

സെപ്തംബർ 24ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു.

ഡോക്ടറെ ചോദ്യം ചെയ്യും

അപകടത്തിൽ ദുരൂഹത സംശയിച്ച് ബാലഭാസ്കറിന്റെ പിതാവ് സി.കെ. ഉണ്ണി പരാതി നൽകിയ സാഹചര്യത്തിൽ ബാലുവുമായി പത്തു വർഷമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്ന പാലക്കാട്ടെ ആയുർവേദ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്യും. ആർക്കെങ്കിലും ബാലു പണം കടം കൊടുത്തിരുന്നോയെന്നും അന്വേഷിക്കും. ബാലഭാസ്കറിന്റെ നിക്ഷേപങ്ങളും സ്വത്തുവകകളും പരിശോധിക്കും.

അപകടത്തിൽപെട്ട വാഹനം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. ദേശീയപാതയിൽ കൊല്ലം മുതലുള്ള കാമറകൾ പരിശോധിച്ചപ്പോൾ രാത്രിയിൽ അമിതവേഗതയിലോടുന്ന വാഹനത്തിന്റെ ഉള്ളിലുള്ളവരെ വ്യക്തമായി കാണാൻ കഴിയില്ലെന്ന് ബോദ്ധ്യമായി.

''വാഹനമോടിച്ചത് ബാലഭാസ്കർ ആയിരുന്നെന്ന് സാക്ഷിമൊഴികൾ ലഭിച്ചിട്ടുണ്ട്. പിതാവിന്റെ പരാതിയിൽ വിശദമായ അന്വേഷണമുണ്ടാവും.''

- പി. അനിൽകുമാർ

ഡിവൈ.എസ്.പി, ആറ്റിങ്ങൽ