തിരുവനന്തപുരം: സുപ്രീം കോടതി വിധിയനുസരിച്ച് സർക്കാർ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ പ്രമോഷൻ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഒാഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) 26ന് എല്ലാ സർക്കാർ എൻജിനീയറിംഗ് കോളേജുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തും. മന്ത്രി നിർദ്ദേശിച്ചിട്ടും പ്രമോഷൻ നടപ്പാക്കാത്തത് സംശയാസ്‌പദമാണെന്ന് ഭാരവാഹികൾ ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മുൻ സർക്കാരിന്റെ കാലത്ത് തെറ്റായ സെലക്ഷൻ നടപടികൾ നിറുത്തിവച്ചിരുന്നു. എന്നാൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഗൂഢാലോചനയിലൂടെ ചിലർക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു. കോടതി വിധി നിലനിൽക്കുമ്പോൾ തന്നെ അതിന് വിരുദ്ധമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അടക്കമുള്ള വിധിപ്രകാരം പ്രമോഷനുകൾ നൽകുന്നത് അദ്ധ്യാപകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.