തിരുവനന്തപുരം:യുവതികൾക്ക് ശബരിമല ക്ഷേത്രദർശനത്തിനായി രണ്ടു ദിവസം മാറ്റിവയ്ക്കണമെന്ന സർക്കാർ നിലപാട് ദേവസ്വം ബോർഡിന് പുതിയ തലവേദനയാകും. സുപ്രീംകോടതിയിൽല സാവകാശ ഹർജി നൽകിയതിനാൽ സർക്കാർ നിലപാട് സംബന്ധിച്ച തീരുമാനം ഉടൻ എടുക്കേണ്ടെന്ന നിലപാടിലാണ് ബോർഡ്.

ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് യുവതികൾക്കായി രണ്ടു ദിവസം മാറ്റി വയ്ക്കാമെന്ന നിലപാടിലേക്ക് സർക്കാരിനെ എത്തിച്ചത്. തന്ത്രി, പന്തളം രാജകുടുംബാംഗങ്ങൾ എന്നിവരുമായുള്ള ചർച്ചയിൽ യുവതികൾക്കായി പ്രത്യേക ദിവസം എന്ന ആശയം മുഖ്യമന്ത്രി അവതരിപ്പിച്ചെങ്കിലും ആചാരവിരുദ്ധമായി ഒന്നും അനുവദിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.

ഹൈക്കോടതിയിലെ ഹർജിയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന്റെ ആശങ്ക പ്രസിഡന്റ് എ.പത്മകുമാർ മുഖ്യമന്ത്രി പിണറായി വിജയനേയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും അറിയിച്ചു. ഇപ്പോഴത്തെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്ന യാതൊന്നും ശബരിമലയിൽ വേണ്ടെന്ന നിർദ്ദേശമാണ് പാർട്ടി നേതൃത്വം പത്മകുമാറിന് നൽകിയതെന്നാണ് സൂചന. ഇക്കാര്യത്തിൽ ബോർഡ് നിയമോപദേശം തേടും.ശബരിമല ദർശനത്തിന് ഭക്തജനത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധിച്ചാണ് ബോർഡിന്റെ ഓരോ നീക്കവും.