തിരുവനന്തപുരം: തിങ്ങിനിറഞ്ഞ വഴികളിൽ നാവിൽ പ്രാർത്ഥനാ മന്ത്രങ്ങൾ നിറച്ച് ശുഭ്ര വസ്ത്രധാരികളായ ഭക്തജനങ്ങൾ. ആഘോഷത്തിന് മാറ്റേകി വാദ്യോപകരണങ്ങളും ദൃശ്യാവിഷ്‌കാരങ്ങളും. ജാതിയും മതവും ദേശവും അതിരിടാത്ത വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിൽ ഇക്കുറിയും മലവെള്ളപ്പാച്ചിൽ പോലെ ഭക്തജനപ്രവാഹമെത്തി. ക്രിസ്തുരാജ സന്നിധിയിൽ നിന്നും ആരംഭിച്ച ആയിരങ്ങൾ അണിനിരന്ന പ്രദക്ഷിണം കണ്ണാന്തുറ, കൊച്ചുവേളി എന്നീ ഇടവകകളുടെ സ്വീകരണം എറ്റു വാങ്ങി തിരിച്ചെത്തുവാൻ മൂന്ന് മണിക്കൂറിലേറെ വേണ്ടി വന്നു. പ്രദക്ഷിണത്തിന് ഏറ്റവും മുന്നിലായി വിശുദ്ധ കുരിശും ധൂപവും വഹിച്ചുകൊണ്ട് അൾത്താര ശുശ്രൂഷകരും പിന്നാലെ മാലാഖ കുഞ്ഞുങ്ങളും പേപ്പൽ പതാകവാഹകരും, മുത്തുക്കുട വാഹകരും അണിനിരന്നു. ചെണ്ട മേളവും ശിങ്കാരി മേളവും ബാൻഡ് മേളവും പ്രദക്ഷിണത്തിന് മിഴിവേകി. ഭക്തജനങ്ങളോടൊപ്പം ലീജിയൻ ഓഫ് മേരി, സോഡാലിറ്റി, കോമ്പ്രിയ സഭ, കർമ്മലീത്ത സഭ, ഫ്രാൻസിസ്‌ക്കൻ അൽമായ സഭ, വിൻസെന്റ് ഡി പോൾ സൊസൈറ്റി, കെ.സി.വൈ.എം, ജീസസ് യൂത്ത്, ക്രിസ്റ്റീൻ തുടങ്ങിയ ഭക്ത സംഘടനയിലെ അംഗങ്ങളും അണിചേർന്നു. നവീകരിച്ച ദേവാലയത്തിന്റെ രൂപ മാതൃകയും ഓഖി, പ്രളയ ദുരന്തങ്ങളുടെ ദൃശ്യാവിഷ്കരണവും ചിത്രീകരിച്ച തേരിൽ ക്രിസ്തുരാജന്റെ തേജസാർന്ന തിരുസ്വരൂപം വണങ്ങാൻ സ്തുതി ഗീതങ്ങൾ ആലപിച്ചുകൊണ്ട് വിശ്വാസികൾ തിങ്ങിക്കൂടി. പൊലീസും വോളന്റിയർമാരും പ്രദക്ഷിണത്തിന് വഴിയൊരുക്കി. പ്രദക്ഷിണത്തിന് മുന്നോടിയായി നടന്ന സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് റവ.സി.ജോസഫ് നേതൃത്വം നൽകി. കോഴിക്കോട് സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പൽ റവ. ചാൾസ് ലിയോൺ വചന പ്രഘോഷണം നടത്തി. രാവിലെ 6.15 മുതൽ ദിവ്യബലി നടന്നു. 10.30ന് ജവാന്മാർക്ക് വേണ്ടി ഹിന്ദിയിലും 11.30ന് ഇംഗ്ലീഷിലും പ്രത്യേക കുർബാന ഉണ്ടായിരുന്നു.

ഇന്ന് സമാപനം

ഇന്ന് വിപുലമായ ഭക്തകർമ്മങ്ങളോടെ തിരുനാൾ സമാപിക്കും. രാവിലെ 5ന് ക്രിസ്തുരാജ സന്നിധിയിൽ ദിവ്യബലി. തുടർന്ന് 6ന് തമിഴിലും 7.30ന് സീറോ മലബാർ ക്രമത്തിലും 9.30ന് ലത്തീൻ ക്രമത്തിലും ദിവ്യബലി അർപ്പിക്കും. വൈകിട്ട് 5ന് തിരുവനന്തപുരം അതിരൂപതാ മെത്രപൊലീത്ത ഡോ. സൂസപാക്യത്തിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും. ഇന്ന് രാവിലെ 11 മുതൽ 50,000ത്തോളം പേർക്ക് സ്‌നേഹവിരുന്നു നൽകുമെന്ന് ഇടവക വികാരി ഫാ.ജോസഫ് ബാസ്റ്റിൻ അറിയിച്ചു. കുഞ്ഞുങ്ങൾക്കുള്ള ആദ്യ ചോറൂട്ടും നടക്കും.